കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുടെ ഭാര്യ അമലയെ കസ്‌റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അർജുന്റെ സാമ്പത്തിക ഇടപാടുകളിൽ വ്യക്‌തത വരുത്തുന്നതിന് വേണ്ടിയാണ് ചോദ്യം ചെയ്യൽ.
വരുമാനമാർഗം ഇല്ലെങ്കിലും അർജുൻ ആയങ്കിയിലേക്ക് വലിയ തോതിൽ പണം എത്തിയിരുന്നു എന്ന് കസ്‌റ്റംസ് നേരത്തെ കണ്ടെത്തിയിരുന്നു. അർജുനെ ചോദ്യം ചെയ്‌തെങ്കിലും ഇക്കാര്യത്തിൽ കൃത്യമായ വിവരങ്ങൾ ലഭിച്ചില്ല. തുടർന്നാണ് ഭാര്യ അമലയെ ചോദ്യം ചെയ്‌തത്. ഇരുവരുടെയും മൊഴികളിൽ വൈരുധ്യമുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് അമലയെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്.
കരിപ്പൂർ സ്വർണക്കടത്തിന്റെ മുഖ്യ ആസൂത്രകൻ അർജുൻ ആയിരുന്നുവെന്നാണ് കസ്‌റ്റംസിന്റെ നിഗമനം. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ അർജുനെയും മറ്റൊരു പ്രതിയായ മുഹമ്മദ് ഷാഫിയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പദ്ധതി. ഇതിനായി പ്രതികളെ വീണ്ടും കസ്‌റ്റഡിയിൽ ലഭിക്കാൻ കീഴ്‌ക്കോടതിയിൽ അപേക്ഷ നൽകിയെങ്കിലും കോടതി ഇത് തള്ളി. തുടർന്ന് ഹൈക്കോടതിയെ സമീപിക്കാനാണ് കസ്‌റ്റംസ് തീരുമാനം. ഇതിനായുള്ള ഹരജിയും ഇന്ന് നൽകിയേക്കും.
Also Read: കരീനാ കപൂറിന്റെ ‘പ്രഗ്‌നൻസി ബൈബിള്‍’ വിവാദം; കച്ചവട തന്ത്രമെന്ന് ബി ടൗൺ