തിരുവനന്തപുരം: നെയ്യാര്‍ഡാം പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായി എത്തിയയാളെ മകളുടെ മുന്നില്‍ വെച്ച് എഎസ്‌ഐ അധിക്ഷേപിച്ച സംഭവത്തിൽ റേഞ്ച് ഡിഐജി സഞ്‌ജയ് കുമാർ ഗുരിദ്ദിൻ ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചു. എഎസ്‌ഐ ഗോപകുമാറിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്‌ചയുണ്ടായി എന്നും പോലീസ് സേനക്ക് തന്നെ കളങ്കമുണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തില്‍ വകുപ്പ് തല അന്വേഷണം നടത്തണമെന്നും ഉദ്യോഗസ്‌ഥനെ നല്ല നടപ്പ് പരിശീലനത്തിന് അയക്കണമെന്നും ഡിഐജി ശുപാർശ ചെയ്‌തു.
സുദേവന്റെ പരാതി അന്വേഷിക്കുന്ന ഉദ്യോഗസ്‌ഥനല്ല ഗോപകുമാർ. മേലുദ്യോഗസ്‌ഥരുടെ സാനിധ്യത്തിലാണ് ഗോപകുമാർ അധിക്ഷേപിച്ചത്. അതിനാല്‍ മേലുദ്യോഗസ്‌ഥർക്കെതിരെ പ്രത്യേക അന്വേഷണം നടത്തുന്നതും റിപ്പോര്‍ട്ടില്‍ റേഞ്ച് ഡിഐജി ശുപാര്‍ശ ചെയ്‌തു.
കഴിഞ്ഞ വ്യാഴാഴ്‌ചയാണ് പരാതിയുമായി എത്തിയ സുദേവനെയും മകളെയും നെയ്യാര്‍ഡാം പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ ഗോപകുമാർ അധിക്ഷേപിച്ച് ഇറക്കിവിട്ടത്. പിതാവിനോടും മകളോടും എഎസ്‌ഐ പരുഷമായ രീതിയില്‍ പെരുമാറുകയും ഇറക്കിവിടുകയും ചെയ്യുന്ന ദൃശ്യം സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ എഎസ്‌ഐ ഗോപകുമാറിനെ ഇടുക്കിയിലേക്ക് സ്‌ഥലം മാറ്റി.
സംഭവത്തിൽ അന്വേഷണവും കൂടുതൽ നടപടികളും ആവശ്യപ്പെട്ട് പരാതിക്കാരനായ സുദേവൻ നെടുമങ്ങാട് ഡിവൈഎസ്‌പിക്കും പരാതി നൽകിയിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുമെന്ന് നെടുമങ്ങാട് ഡിവൈഎസ്‌പി പറഞ്ഞു.
Also Read: കേരളവർമ കോളേജ് പ്രിൻസിപ്പലിന്റെ രാജി സ്വീകരിച്ചതായി കൊച്ചിൻ ദേവസ്വം ബോർഡ്









































