തിരുവനന്തപുരം : പരാതിക്കാരോട് അപമര്യാദയായി പെരുമാറിയ നെയ്യാര്‍ ഡാം പോലീസ് എഎസ്ഐ ഗോപകുമാറിനെ സസ്‍പെൻഡ് ചെയ്‌തു. പരാതി നല്‍കാനായി നെയ്യാര്‍ ഡാം പോലീസ് സ്‌റ്റേഷനിലെത്തിയ ആളെയും മകളെയും പരസ്യമായി അധിക്ഷേപിച്ച കേസിലാണ് നടപടി. സംഭവം സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ ഡിഐജി, ഡിജിപിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ് എഎസ്ഐയെ സസ്‍പെൻഡ് ചെയ്‌തത്. ഗോപകുമാറിന്റെ ഭാഗത്തുനിന്നും ഗുരുതര വീഴ്‌ചയാണ് ഉണ്ടായതെന്നും, പോലീസ് സേനയുടെ യശസിന് തന്നെ കളങ്കം വരുത്തുന്ന പ്രവര്‍ത്തിയാണ് ഗോപകുമാർ ചെയ്‍തതെന്നും റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നുണ്ട്. കൂടാതെ ഗോപകുമാറിനെ നല്ല നടപ്പ് പരിശീലനത്തിന് അയക്കണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കിയിരുന്നു.
പരാതി നല്‍കാനെത്തിയ ആളോടും മകളോടും മേലുദ്യോഗസ്‌ഥരുടെ സാമിപ്യത്തിലാണ് ഗോപകുമാര്‍ മോശമായി പെരുമാറിയത്. അതിനാല്‍ തന്നെ മേലുദ്യോഗസ്‌ഥര്‍ക്കെതിരെ പ്രത്യേക അന്വേഷണം വേണമെന്നും ഡിഐജി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നുണ്ട്. കൂടാതെ സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരനും നെടുമങ്ങാട് ഡിവൈഎസ്‍പിക്ക് പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വാഴാഴ്‌ചയാണ് സംഭവം അരങ്ങേറിയത്. പരാതി നല്‍കാനായി നെയ്യാര്‍ ഡാം പോലീസ് സ്‌റ്റേഷനില്‍ എത്തിയ സുദേവനെയും മകളെയും ഗോപകുമാര്‍ സ്‌റ്റേഷന് മുന്നില്‍ നിന്ന് കൊണ്ട് ആക്ഷേപിക്കുകയായിരുന്നു. സംഭവം സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ ഗോപകുമാറിനെ ഇടുക്കിലേക്ക് സ്‌ഥലം മാറ്റിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ സസ്‍പെൻഡ് ചെയ്‌തുകൊണ്ട് നടപടി എടുത്തിരിക്കുന്നത്.
Read also : കള്ളക്കേസിൽ കുടുക്കി വായടപ്പിക്കാൻ കഴിയില്ല; പ്രതിപക്ഷ നേതാവ്