തിരുവനന്തപുരം: ബാർക്കോഴ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിനെതിരെ കേസ് കൊടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ ഒരു കൂട്ടം യുഡിഎഫ് എംഎൽഎമാർക്കെതിരെ കേസെടുക്കണമെന്നാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യം. കള്ളക്കേസിൽ കുടുക്കി നിശബ്‌ദമാക്കാൻ ശ്രമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്‌ഥാന സർക്കാരിനെതിരെ സംസാരിക്കുന്ന എംഎൽഎമാർക്കെതിരെ കേസെടുക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. സർക്കാരിന്റെ അഴിമതികൾക്കെതിരെ യുഡിഎഫ് ശക്‌തമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല പറഞ്ഞു.
Also Read: നടന്‍ ബാലയുടെ പിതാവ് ഡോ ജയകുമാര്‍ അന്തരിച്ചു
ജനാധിപത്യത്തിന് അനിയോജ്യമായ കാര്യങ്ങളല്ല ഗവൺമെന്റ് ചെയ്യുന്നത്. അതിനെ നിയമപരമായി തന്നെ നേരിടാനാണ് തീരുമാനം. ഒന്നും മറക്കാനില്ലാത്തത് കൊണ്ട് ഏത് അന്വേഷണത്തെയും നേരിടാൻ തയാറാണ്. ഭരണ കാലാവധി അവസാനിക്കാൻ ആറ് മാസം മാത്രം ബാക്കി നിൽക്കെ തങ്ങൾ അകപ്പെട്ടിരിക്കുന്ന ഈ അഴിമതിയിലും കുംഭകോണത്തിലും കൊള്ളയിലും രക്ഷപെടാൻ വേണ്ടി പ്രതിപക്ഷത്തിനെതിരെ ഇല്ലാ കഥകൾ മെനയുന്നത് കേരളത്തിലെ ജനങ്ങൾ മനസിലാക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.