ഗുവാഹത്തി: അസം അഗ്രികള്‍ച്ചര്‍ സര്‍വകലാശാലയുടെ എന്‍ട്രന്‍സ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനിയെ വസ്‍ത്രത്തിന് നീളമില്ലെന്ന കാരണം പറഞ്ഞ് മാറ്റിനിര്‍ത്തിയതായി പരാതി. സോനിത്പുര്‍ ജില്ലയിൽ പരീക്ഷ എഴുതാൻ എത്തിയ ജുബ്‌ലി തമുലി എന്ന വിദ്യാര്‍ഥിനിക്കാണ് ദുരനുഭവം.
പരീക്ഷാസമയത്ത് ജുബ്‌ലിയെ മാത്രം ഉദ്യോഗസ്‌ഥര്‍ മാറ്റിനിര്‍ത്തുകയും ബാക്കിയുള്ള വിദ്യാര്‍ഥികളെ അകത്തേക്ക് പ്രവേശിപ്പിക്കുകയും ചെയ്‌തു. പരീക്ഷ എഴുതാൻ ആവശ്യമുള്ള എല്ലാ രേഖകളും പെണ്‍കുട്ടിയുടെ കൈയില്‍ ഉണ്ടായിരുന്നു. എന്നാല്‍ അതൊന്നും പരിശോധിച്ചില്ലെന്നും വസ്‍ത്രത്തിന് നീളമില്ലെന്നും ഇത് പരീക്ഷാ ഹാളില്‍ അനുവദിക്കില്ല എന്നും പറഞ്ഞ് മാറ്റി നിർത്തിയെന്നും പെൺകുട്ടി പറയുന്നു.
ഇക്കാര്യം അഡ്‌മിറ്റ് കാര്‍ഡില്‍ പറഞ്ഞിരുന്നില്ലല്ലോ എന്ന് ചോദിച്ചപ്പോള്‍ അതൊക്കെ നിങ്ങള്‍ അറിയണം എന്നായിരുന്നു ഉദ്യോഗസ്‌ഥരുടെ മറുപടിയെന്നും പെൺകുട്ടി പറഞ്ഞു. പിന്നീട് പിതാവിനോട് പാന്റ് വാങ്ങി വരാന്‍ പറയുകയും അത്രയും സമയം പുറത്തിരിക്കേണ്ടി വരും എന്നതുകൊണ്ട് കര്‍ട്ടന്‍ ചുറ്റി പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശിച്ചുവെന്നുമാണ് പെൺകുട്ടി വ്യക്‌തമാക്കിയത്.