വയനാട് : വാഴക്കൃഷി നടത്തി മുടക്കുമുതൽ പോലും ലഭിക്കാതെ കടക്കെണിയിൽ ആയിരിക്കുകയാണ് ജില്ലയിലെ കർഷകർ. വാഴക്കുലകൾ വാങ്ങാൻ ആളില്ലാത്തതിനാൽ വിളവെടുപ്പ് നടക്കാതെ നശിക്കുകയാണ് കൃഷികൾ. ഇതിലൂടെ ലക്ഷങ്ങളുടെ കടക്കെണിയാണ് ജില്ലയിൽ വാഴക്കൃഷി നടത്തിയ കർഷകർക്ക് ഉണ്ടായിരിക്കുന്നത്. വാഹനസൗകര്യവും മറ്റുമുള്ള ആളുകൾ ഹോർട്ടികോർപ്പിന്റെ ബത്തേരിയിലെ ഡിപ്പോയിൽ എത്തിച്ചാണ് നിലവിൽ വാഴക്കുലകൾ വിൽക്കുന്നത്.
കർണാടകയിൽ നിന്നും കേരളത്തിലെ വിപണിയിലേക്ക് ഏത്തക്കുലകൾ പ്രതിദിനം എത്തുന്നുണ്ട്. കുറഞ്ഞ വിലക്ക് എത്തുന്ന ഈ കുലകൾ കേരളത്തിൽ വിൽക്കുന്നതിനാൽ ജില്ലയിൽ കൃഷി ചെയ്യുന്ന വഴക്കുലകൾക്ക് ആവശ്യക്കാരില്ലാത്ത അവസ്‌ഥയാണ്. ജൈവകൃഷിയിലൂടെ വാഴക്കൃഷി നടത്തിയ ആളുകൾക്കും ഇതുമൂലം വലിയ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. ഏക്കർ കണക്കിന് പാട്ടഭൂമിയിൽ വാഴക്കൃഷി നടത്തിയ കർഷകർക്ക് മുടക്കുമുതൽ പോലും ലഭിക്കാതെ വാഴക്കുലകൾ നശിക്കുന്നത് കണ്ടുനിൽക്കാൻ മാത്രമേ നിലവിൽ കഴിയുന്നുള്ളൂ.
ജില്ലയിൽ എച്ച്ഡി കോട്ട താലൂക്കിലാണ് വൻതോതിൽ വാഴക്കൃഷി നടത്തുന്നത്. മാസങ്ങളായി നിലനിൽക്കുന്ന ഈ പ്രതിസന്ധി മൂലം നിലവിലുള്ള കൃഷിയെയും ഇത് ബാധിക്കുന്നുണ്ടെന്ന് കർഷകർ പറയുന്നു. ജില്ലയിൽ ഇഞ്ചി കൃഷിക്ക് ശേഷം വാഴക്കൃഷി നടത്താൻ തീരുമാനിച്ചിരുന്ന മിക്ക കർഷകരും ഇപ്പോൾ തീരുമാനം മാറ്റിയിരിക്കുകയാണ്.
Read also : കൂടുതൽ അവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി; നിർദ്ദേശങ്ങളുമായി വിദ്യാർഥികൾ