കൊച്ചി: ദുരിതാശ്വാസ നിധിയിലെ ഫണ്ട് വകമാറ്റിയ കേസിൽ ഭിന്നവിധിക്ക് എതിരായ റിവ്യൂ ഹരജി ലോകായുക്ത ഡിവിഷൻ ബെഞ്ച് തള്ളി. ലോകായുക്ത ഉത്തരവ് നിയമാനുസൃതമാണെന്നും ഹരജിക്കാരന്റെ വാദങ്ങൾ അടിസ്ഥാനരഹിതവും ദുർബലവുമാണെന്നും ലോകായുക്ത വ്യക്തമാക്കി. റിവ്യൂ ഹരജി നിലനിൽക്കില്ലെന്നും ലോകായുക്ത വ്യക്തമാക്കി.
ദുരിതാശ്വാസ നിധിയിലെ ഫണ്ട് വകമാറ്റിയ കേസ് പരിഗണിക്കാൻ ലോകായുക്തക്ക് അധികാരമുണ്ടോ എന്നതിലായിരുന്നു ലോകായുക്തയ്ക്കും ഉപലോകായുക്തയ്ക്കും ഇടയിൽ ഭിന്നത ഉണ്ടായതും കേസ് ഫുൾ ബെഞ്ചിന് വിട്ടതും. എന്നാൽ, ഭിന്നവിധിയിൽ നിയമപ്രശ്നം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആർഎസ് ശശികുമാർ റിവ്യൂ ഹരജി നൽകിയത്. കേസ് മൂന്നംഗ ബെഞ്ചിന് വിട്ട നടപടി പുനഃപരിശോധിക്കുക, കേസിന്റെ സാധുത ഇനി പരിശോധിക്കരുത് തുടങ്ങിയവയായിരുന്നു ഹരജിയിലെ ആവശ്യങ്ങൾ.
എന്നാൽ, മൂന്നംഗ ബെഞ്ച് കേസിൽ വാദം കേൾക്കുന്നതിൽ എന്താണ് പ്രശ്നമെന്ന് ലോകായുക്ത ചോദിച്ചു. വിധി പറയാൻ ഒരു വർഷം കാത്തിരുന്നത് മനഃപൂർവം അല്ല. ഇതൊരു ചരിത്ര വിധിയൊന്നുമല്ല. ആരെയെങ്കിലും പേടിച്ചു ഉത്തരവ് എഴുതുന്നവർ അല്ല ഞങ്ങൾ. പരാതിക്കാരനെ വിമർശിച്ചു എന്നത് കേസിനെ ബാധിക്കില്ലെന്നും ലോകായുക്ത വ്യക്തമാക്കി.
രണ്ടംഗ ബെഞ്ച് ആദ്യം സാധുത പരിശോധിച്ചത് കേസ് പരിഗണിക്കാനാവുമോയെന്ന കാര്യത്തിലാണ്. അന്ന് ആരുടെയും വാദം കേട്ടിരുന്നില്ല. അതിരു പ്രാഥമിക നടപടി മാത്രമായിരുന്നു. മന്ത്രിസഭാ തീരുമാനം ലോകായുക്ത പരിധിയിൽ വരുന്നതല്ലെന്ന് വാദം നടക്കുമ്പോൾ എത്തികക്ഷികൾ ഉന്നയിച്ചു. അക്കാര്യത്തിൽ രണ്ടംഗ ബെഞ്ചിൽ ഭിന്നാഭിപ്രായം ഉയർന്നു. അതുകൊണ്ടാണ് മൂന്നംഗ ബെഞ്ചിന് വിട്ടത്. ഇക്കാര്യത്തിൽ നിയമപരമായി വ്യക്തത ഉണ്ടെന്നും ലോകായുക്ത വിശദീകരിച്ചു.
ഹരജിക്കാരൻ വിമർശിച്ചെന്ന് കരുതി അത് കേസിനെ ബാധിക്കില്ല. പേടിയില്ല. ദുഃഖവെളളി കഴിഞ്ഞതുകൊണ്ട് ഒരു കാര്യം പറയാം, കർത്താവെ ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ലെന്നും ലോകായുക്ത അഭിപ്രായപ്പെട്ടു. അതേസമയം, റിവ്യൂ ഹരജി തള്ളിയ നടപടിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ആർഎസ് ശശികുമാർ പറഞ്ഞു.
അതേസമയം, ദുരിതാശ്വാസ നിധിയിലെ ഫണ്ട് വകമാറ്റിയ കേസ് ലോകായുക്ത ഫുൾ ബെഞ്ച് ജൂൺ അഞ്ചിലേക്ക് മാറ്റി. ഹരജിക്കാരൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേസ് മാറ്റിവെച്ചത്. ഹരജി മാറ്റണമെന്ന് ആവശ്യപ്പെട്ട പരാതിക്കാരന്റെ ആവശ്യത്തെ ലോകായുക്ത പരിഹസിച്ചു. വാദിക്കാൻ താൽപര്യം ഇല്ലെങ്കിൽ അത് പറഞ്ഞാൽ പോരെ. നിങ്ങൾക്ക് തിരക്കിലെങ്കിൽ ഞങ്ങൾക്കും തിരക്കില്ലെന്നും ലോകായുക്ത ഹരജിക്കാരനോട് പറഞ്ഞു.
Most Read: ’50 ശതമാനം ഇടക്കാല ആശ്വാസം’; നഴ്സുമാർ നടത്തിയ സമരം വൻ വിജയം