കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് മൽസരിക്കില്ല. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ദിലീപ് ഘോഷ് പറഞ്ഞു. സംസ്ഥാന അധ്യക്ഷന്റെ മേൽനോട്ടത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്താനാണ് ബിജെപിയുടെ തീരുമാനമെന്ന് അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
“നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന സ്ഥാനാർഥികളുടെ പട്ടികയിൽ എന്റെ പേര് ഉണ്ടാവില്ല. സംസ്ഥാന അധ്യക്ഷൻ ആയതിനാൽ ബംഗാളിൽ വോട്ടെടുപ്പ് പ്രചാരണങ്ങൾ എന്റെ മേൽനോട്ടത്തിൽ നടത്താൻ പാർട്ടി തീരുമാനിച്ചു,”- ദിലീപ് ഘോഷ് പറഞ്ഞു.
എട്ട് ഘട്ടങ്ങളായി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിലെ മൂന്നും നാലും ഘട്ടങ്ങളിലേക്ക് ഉള്ള 63 സ്ഥാനാർഥികളുടെ പട്ടിക ഞായറാഴ്ച ബിജെപി പ്രഖ്യാപിച്ചിരുന്നു. കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ, മുൻ തൃണമൂൽ കോൺഗ്രസ് നേതാവ് രാജിബ് ബാനർജി എന്നിവർ ഉൾപ്പടെയുള്ള പട്ടികയാണ് പ്രഖ്യാപിച്ചത്.
ബംഗാളിലെ ആദ്യ രണ്ട് ഘട്ടങ്ങളിലേക്കുള്ള 58 സ്ഥാനാർഥികളുടെ പട്ടിക ബിജെപി നേരത്തെ പുറത്തുവിട്ടിരുന്നു. 294 അംഗ പശ്ചിമ ബംഗാൾ നിയമ സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് മാർച്ച് 27ന് ആരംഭിച്ച് ഏപ്രിൽ 27ന് അവസാനിക്കും. നിലവിലെ നിയമസഭയുടെ കാലാവധി മെയ് 30നാണ് അവസാനിക്കുക.
Also Read: ഉപഭോക്താക്കൾക്ക് രാഷ്ട്രീയ, സാമൂഹിക ഗ്രൂപ്പുകൾ നിർദ്ദേശിക്കില്ല; പുതിയ നീക്കവുമായി ഫേസ്ബുക്ക്







































