പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാലക്കാട് മണ്ഡലത്തിൽ കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം അർധരാത്രി പരിശോധന നടത്തിയ പാലക്കാട്ടെ ഹോട്ടലിൽ പോലീസ് വീണ്ടും പരിശോധന നടത്തുന്നു. സംഭവ സ്‌ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം.
കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാത്തത് വലിയ വിവാദമായിരുന്നു. പിന്നാലെയാണ് ദൃശ്യങ്ങൾ ശേഖരിക്കാനായി പോലീസെത്തിയത്. ഫൊറൻസിക് സംഘവും പോലീസിനൊപ്പമുണ്ട്. ഹോട്ടൽ സിഇഒ പ്രസാദിൽ നിന്ന് അന്വേഷണം സംഘം വിവരങ്ങൾ ശേഖരിച്ചു. ഹാർഡ് ഡിസ്‌ക്ക് അടക്കം പോലീസ് പിടിച്ചെടുത്തെന്നാണ് വിവരം.
കള്ളപ്പണം ഒളിപ്പിച്ചിട്ടുണ്ടെന്ന ആരോപണത്തെ തുടർന്നാണ് ഇന്നലെ അർധരാത്രി 12.10ഓടെ കോൺഗ്രസ് നേതാക്കളായ ഷാനിമോൾ ഉസ്‌മാനും ബിന്ദുകൃഷ്‌ണയും താമസിച്ച മുറികളിൽ ഉൾപ്പടെ പോലീസ് പരിശോധന നടത്തിയത്. ഇൻസ്‌പെക്‌ടറുടെ നേതൃത്വത്തിലുള്ള സംഘത്തിൽ വനിതാ ഉദ്യോഗസ്‌ഥർ ഉണ്ടായിരുന്നില്ല.
ഇത് വലിയ രാഷ്‌ട്രീയ വിവാദമായി മാറുകയും ചെയ്‌തു. നീല നിറത്തിലുള്ള ട്രോളി ബാഗിൽ ഹോട്ടലിൽ കള്ളപ്പണം എത്തിച്ചെന്ന പരാതിയിലായിരുന്നു പരിശോധന. അതേസമയം, ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ അടിയന്തിരമായി പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പരാതി നൽകി. എസ്‌പിക്കും കളക്‌ടർക്കുമാണ് പരാതി നൽകിയത്.
Most Read| അമേരിക്കയുടെ ‘സുവർണ്ണ കാലഘട്ടം’; അധികാരം ഉറപ്പിച്ച് ഡൊണാൾഡ് ട്രംപ്