ന്യൂഡെൽഹി: ഒക്‌ടോബർ 30ന് ഉപതിരഞ്ഞെടുപ്പ് നടന്ന 13 സംസ്‌ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തിലേയും 3 ലോക്‌സഭാ, 29 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. പശ്‌ചിമ ബംഗാളിലെ 4 നിയമസഭാ മണ്ഡലങ്ങളിൽ വ്യക്‌തമായ ലീഡുമായി തൃണമൂൽ കോൺഗ്രസ് വിജയം ഉറപ്പിച്ചിരിക്കുകയാണ്. ബിജെപിയുടെ സിറ്റിംഗ് സീറ്റുകളില്‍ അടക്കമാണ് തൃണമൂലിന്റെ ലീഡ്.
ഗൊസാബ, ഖർദ, ദിൻഹാത, ശാന്തിപൂർ മണ്ഡലങ്ങളിലാണ് തൃണമൂൽ കോൺഗ്രസ് ലീഡ് നേടിയത്. ബിജെപിയുടെ സിറ്റിങ് സീറ്റുകളാണ് ദിൻഹാത , ശാന്തിപൂർ എന്നിവ. കൂച്ച്‌ബെഹാർ ജില്ലയിലെ ദിൻഹാതയിൽ തൃണമൂലിന്റെ ഉദയൻ ഗുഹ 81,460 വോട്ടുകളോടെ തന്റെ എതിരാളിയായ ബിജെപിയുടെ അശോക് മണ്ഡലിനെക്കാൾ മുന്നിലാണ്. വോട്ടെണ്ണൽ 10 റൗണ്ടുകൾ പിന്നിട്ടപ്പോൾ ഗുഹ 96,537 വോട്ടുകൾ നേടി. മണ്ഡലിന് 15,077 വോട്ടുകൾ മാത്രമാണ് നേടാനായത്.
രാജസ്‌ഥാനിൽ 2 സീറ്റിലും കോൺഗ്രസ് ലീഡ് നേടി. മധ്യപ്രദേശിൽ 3 മണ്ഡലങ്ങളിലും ബിജെപിയാണ് ലീഡ് ചെയ്യുന്നത്. റെയ്‌ഗാവിലും കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ പൃഥ്വിപ്പൂരിലും ജോബാറ്റിലുമാണ് ബിജെപിയുടെ മുന്നേറ്റം. പൃഥ്വിപ്പൂരില്‍ 3000 വോട്ടുകളില്‍ അധികം ലീഡാണ് ബിജെപി നേടിയിട്ടുള്ളത്.
ബിഹാറിൽ 2 ഇടത്തും ജെഡിയുവാണ് മുന്നിട്ട് നിക്കുന്നത്. കുഷേഷ്വർ അസ്‌താൻ, താർപർ മണ്ഡലങ്ങളിൽ ജെഡിയു സ്‌ഥാനാർഥികൾ ലീഡ് ചെയ്യുകയാണ്. ഹിമാചലിൽ മൂന്നിൽ രണ്ട് സീറ്റുകളിലും കോൺഗ്രസാണ് മുന്നിട്ട് നിക്കുന്നത്.
അസമിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ഭരണകക്ഷിയായ ബിജെപിയും സഖ്യകക്ഷികളും ലീഡ് ചെയ്യുകയാണ്. ഭബാനിപൂര്‍, മരിയാനി, തൗറ സീറ്റുകളില്‍ യഥാക്രമം ബിജെപി സ്‌ഥാനാർഥികളായ ഫണിധര്‍ താലുക്ദാര്‍, രൂപജ്യോതി കുര്‍മി, സുശാന്ത ബോര്‍ഗോഹെയ്ന്‍ എന്നിവര്‍ ലീഡ് ചെയ്യുന്നു.
അതേസമയം, ലോക്‌സഭയിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഹിമാചൽ പ്രദേശിലും, മധ്യപ്രദേശിലും ബിജെപിക്കാണ് ലീഡ്. ദാദ്ര നാഗർഹവേലിയിൽ ശിവസേന ലീഡ് ചെയ്യുന്നുണ്ട്. ഹിമാചൽ പ്രദേശിലെ മാണ്ടി ലോക്‌സഭാ സീറ്റിൽ കോൺഗ്രസാണ് ലീഡ് ചെയ്യുന്നത്.
Most Read: എൻസിപി നേതാവ് അജിത്ത് പവാറിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി