മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്ത് പവാറിന്റെ 1400 കോടി രൂപയിലേറെ വില മതിക്കുന്ന ബിനാമി സ്വത്തുകള്‍ കണ്ടുകെട്ടി. ആദായനികുതി വകുപ്പിന്റെ ബിനാമി പ്രോപ്പര്‍ട്ടി വിങ്ങാണ് സ്വത്തുക്കൾ താൽക്കാലികമായി കണ്ടുകെട്ടിയത്. കഴിഞ്ഞ മാസം അജിത് പവാറിന്റെ വീട്ടിലും സ്‌ഥാപനങ്ങളിലും റെയ്‌ഡ് നടന്നിരുന്നു. അതേസമയം സ്വത്തുകള്‍ നിയമപരമായി വാങ്ങിയതാണെന്ന് തെളിയിക്കാന്‍ മൂന്ന് മാസത്തെ സാവകാശം അജിത് പവാറിന് നല്‍കിയിട്ടുണ്ട്.
ദക്ഷിണ ഡെല്‍ഹിയില്‍ 20 കോടി വിലമതിക്കുന്ന ഫ്‌ളാറ്റ്, മകന്‍ പാര്‍ത്ഥ പവാറിന്റെ മുംബൈ നിര്‍മല്‍ ഹൗസിലുള്ള 25 കോടി വിലമതിക്കുന്ന ഓഫിസ്, 600 കോടി വിലമതിക്കുന്ന ജരന്ദേശ്വറിലെ പഞ്ചസാര ഫാക്‌ടറി, ഗോവയില്‍ 250 കോടിയുടെ റിസോര്‍ട്, 27 ഇടങ്ങളില്‍ 500 കോടിയോളം വിലമതിക്കുന്ന ഭൂമി എന്നിവയാണ് താല്‍ക്കാലികമായി കണ്ടുകെട്ടിയത്.
ജരന്ദേശ്വറിലെ പഞ്ചസാര ഫാക്‌ടറി നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും കണ്ടുകെട്ടിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാരാഷ്‌ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്‌മുഖിനെ ഇഡി അറസ്‌റ്റ് ചെയ്‌തതിനു പിന്നാലെയാണ് അജിത് പവാറിനെതിരെ ആദായ നികുതി വകുപ്പിന്റെ നടപടി.
Read also: കള്ളപ്പണം വെളുപ്പിക്കല്‍; അനിൽ ദേശ്‌മുഖ് അറസ്‌റ്റിൽ