മുംബൈ: മഹാരാഷ്‍ട്ര മുന്‍ ആഭ്യന്ത്രമന്ത്രി അനില്‍ ദേശ്‌മുഖിനെ അറസ്‌റ്റ് ചെയ്‌തു. ആഭ്യന്തര മന്ത്രിയായിരിക്കെ നടത്തിയ കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ 12 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്‌റ്റ്. ചൊവ്വാഴ്‌ച അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കും.
ചോദ്യം ചെയ്യലിന് ഹാജരാവുന്നതിനെതിരെ ഹരജി സമർപ്പിക്കുകയും കോടതി അത് തള്ളുകയും ചെയ്‌തതിന് പിന്നാലെയാണ് ദേശ്‌മുഖ് ഇഡിക്ക് മുന്നിൽ ഹാജരായത്. അധികാരത്തിൽ ഇരിക്കെ പോലീസുകാരെ ഉപയോഗിച്ച് വ്യവസായികളെ ഭീഷണിപ്പെടുത്തി അവരില്‍ നിന്നും എല്ലാ മാസവും നൂറ് കോടി പിരിക്കാന്‍ ശ്രമിച്ചെന്ന മുംബൈ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് മുൻ മന്ത്രി കുടുങ്ങിയത്.
മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് അയച്ച കത്തിലാണ് പരംബീര്‍ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. എന്നാൽ തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും, തന്നെ അപകീര്‍ത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് നടക്കുന്നതെന്നും ആരോപിച്ച് ദേശ്‌മുഖ് മാനനഷ്‌ട കേസ് ഫയല്‍ ചെയ്‌തിരുന്നു. എന്നാൽ മന്ത്രിയുടെ വിശദീകരണം തൃപ്‌തികരമായിരുന്നില്ല. തുടർന്ന് ദേശ്‌മുഖിന് മന്ത്രി സ്‌ഥാനം നഷ്‌ടമാവുകയും ചെയ്‌തു.
Read also: ദത്ത് വിവാദം; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും