ന്യൂ ഡെൽഹി: മഹാത്മാ ഗാന്ധിക്കും അദ്ദേഹത്തിന്റെ ആശയങ്ങൾക്കും മുമ്പത്തേക്കാൾ ഏറെ പ്രസക്‌തി ഇന്നാണെന്ന് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ഗാന്ധി ജയന്തി ദിനമായ ഇന്ന് അദ്ദേഹത്തെ അനുസ്‌മരിച്ചു കൊണ്ട് പങ്കുവച്ച ട്വീറ്റിലായിരുന്നു പ്രശാന്ത് ഭൂഷണിന്റെ പ്രസ്‌താവന. ഗാന്ധി ഘാതകന് സ്‌തുതി പാടുന്നവരാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
“മഹാത്മാഗാന്ധിക്ക് മുമ്പത്തേക്കാൾ കൂടുതൽ പ്രസക്‌തി ഇന്നാണ്. അദ്ദേഹം നിലകൊണ്ട സത്യം, അഹിംസ, ജാതി-മത-വിശ്വാസ വ്യത്യാസമില്ലാതെ ഉള്ള സമത്വം, ദുർബലരോടുള്ള അനുകമ്പ; സഹിഷ്‌ണുത തുടങ്ങിയവയെല്ലാം ഇന്ന് ആക്രമിക്കപ്പെടുകയാണ്; അദ്ദേഹത്തിന്റെ കൊലപാതകികളെ പ്രശംസിക്കുന്നവരാണ് ഇന്ന് ഭരണം കയ്യാളുന്നത്”,- പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്‌തു.
#MahatmaGandhi is more relevant today than ever before. Everything that he stood for: truth, non-violence; equality, for any caste, Creed&religion; compassion for the weakest;tolerance;Civilised discourse; all are under attack; by people who eulogize his murderers&in power today!
— Prashant Bhushan (@pbhushan1) October 2, 2020
ജനാധിപത്യ മൂല്യങ്ങളും മൗലിക അവകാശങ്ങളും നിഷേധിക്കപ്പെടുന്ന ഇന്നത്തെ കാലഘട്ടത്തിൽ ഗാന്ധിയുടെ ആശയങ്ങൾ ഏറെ പ്രസക്‌തമാകുകയാണ്. നേരത്തെ രാഹുൽ ഗാന്ധി എംപിയും ഗാന്ധിജിയുടെ വാക്കുകൾ കടമെടുത്ത് ഇന്നത്തെ ഭരണകൂട ഭീകരതക്കെതിരെ പ്രതികരിച്ചിരുന്നു.
Must Read: ‘അനീതിക്ക് മുന്‍പില്‍ തല താഴ്‌ത്തില്ല’; ഗാന്ധിജിയുടെ വാക്കുകളുമായി രാഹുല്‍
അനീതിക്ക് മുമ്പിൽ തല താഴ്‌ത്തില്ലെന്നും ആരെയും ഭയപ്പെടില്ലെന്നും ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞദിവസം ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട 19കാരിയുടെ കുടുംബത്തെ സന്ദർശിക്കാൻ പോകവെ യുപി പോലീസ് തടയുകയും കായികമായി നേരിടുകയും ചെയ്‌ത പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധി മഹത്മാവിന്റെ വാക്കുകളിലൂടെ പ്രതികരിച്ചത്.







































