ന്യൂഡെൽഹി: മാണി സി കാപ്പനെ എൻസിപി പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനാണ് നടപടി. യുഡിഎഫിനൊപ്പം നിന്ന് സ്വന്തമായി പാർട്ടി രൂപീകരിക്കാനുള്ള കാപ്പന്റെ നീക്കത്തിനിടെയാണ് എൻസിപി നേതൃത്വത്തിന്റെ നടപടി. എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ മാണി സി കാപ്പനെ പുറത്താക്കിയ വിവരം പാർട്ടി സ്ഥിരം സെക്രട്ടറി എസ്ആർ കോലിയാണ് വാർത്താ കുറിപ്പിലൂടെ പുറത്തുവിട്ടത്.
മാണി സി കാപ്പൻ അല്ലാതെ മറ്റ് നേതാക്കളുടെയോ സംഘടനാ ഭാരവാഹികളുടെയോ പേര് വാർത്താകുറിപ്പിൽ പരാമർശിച്ചിട്ടില്ല. എകെ ശശീന്ദ്രനൊപ്പം ദേശീയ നേതൃത്വം ഉറച്ചുനിൽക്കുന്നു എന്നാണ് കാപ്പനെതിരായ നടപടിയിലൂടെ വ്യക്തമാകുന്നത്.
നേരത്തെ, മാണി സി കാപ്പൻ സ്വമേധയാ എൻസിപിയിൽ നിന്ന് പുറത്തുപോയിരുന്നു. അതിനാൽ എൻസിപിയുടെ തീരുമാനം വെറും സാങ്കേതിക നടപടിക്രമം മാത്രമാണ്. പാർട്ടിയിൽ നിന്ന് ഇനി മാണി സി കാപ്പനൊപ്പം പോകാൻ തയാറെടുക്കുന്നവർക്ക് ഒരു മുന്നറിയിപ്പ് കൂടിയാണ് എൻസിപി നേതൃത്വം ഇതിലൂടെ നൽകുന്നത്.
Also Read: ‘ഗോ ബാക്ക് മോദി’ ട്വീറ്റ്; നടി ഓവിയ ഹെലനെതിരെ കേസ്






































