അബുദാബി: മുംബൈ ഇന്ത്യന്‍സിന് തുടക്കത്തിലെ പരാജയം പതിവായത് കൊണ്ട് വലിയ ക്ഷീണം തോന്നില്ലെങ്കിലും, ചാംപ്യന്മാരായ ഇന്ത്യന്‍സിനെ കീഴടക്കി തേരോട്ടം തുടങ്ങുകയാണോ ചെന്നൈ സൂപ്പര്‍ കിംഗ്സ് ! അങ്ങിനെ സംശയിക്കണം ഇന്നത്തെ ഊര്‍ജ്ജം ചോരാത്ത തന്ത്രങ്ങളും വീര്യവും കാണുമ്പോള്‍.
പ്രായം വെറും സംഖ്യകള്‍ മാത്രമാണെന്നും ‘കലിയായി സൂക്ഷിച്ചിരുന്ന’ ചില കണക്കുകള്‍ വീട്ടാനുള്ളതാണെന്നും പ്രഖ്യാപിച്ചു കൊണ്ട്, ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇന്ന് നടത്തിയ വിജയത്തുടക്കം അത്ര നിസ്സാരമായ കളിയായിരുന്നില്ല. മുംബൈ ഇന്ത്യന്‍സ് യഥാർഥത്തിൽ ഫീല്‍ഡിങ് പിഴവുകള്‍ കൊണ്ടാണ് ഇത്രയും മോശമായ രീതിയില്‍ അടിയറവ് പറയേണ്ടി വന്നതെങ്കിലും, ഇനിയങ്ങോട്ട് ഓരോ ടീമിനും ഒരു ഉള്‍ക്കിടിലത്തോടെ ഓര്‍ക്കാനുള്ള കളിയാണ് കിംഗ്സ് കാഴ്ചവച്ചത്.
മുംബൈ ഇന്ത്യന്‍സിന്റെ ഫീല്‍ഡിങ് പിഴവുകളും അമ്പാട്ടി റായുഡു – ഫാഫ് ഡുപ്ലേസി സഖ്യം പടുത്തുയര്‍ത്തിയ കരുത്ത് സമ്മാനിച്ച തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയുമാണ് ചെന്നൈക്ക് വിജയം എളുപ്പകരമാക്കിയത്.
അഞ്ച് വിക്കറ്റിനാണ് മുംബൈ ഇന്ത്യന്‍സിനെ കുളിപ്പിച്ച് കിടത്തിയത്. ഇന്ത്യന്‍സിന്റെ ആരാധകരുടെ നെഞ്ചിലേക്ക് പായിച്ച ബോളുകള്‍ക്ക് അടുത്ത കളിമുതല്‍ പലിശ ചേര്‍ത്ത് കണക്ക് പറഞ്ഞിരിക്കും എന്നുറപ്പിച്ചാണ് മുംബൈ ഇന്ത്യന്‍സ് ഇന്ന് മടങ്ങിയിട്ടുള്ളത് എന്നാണ് ദുഖത്തിനിടയിലും ആരാധക പക്ഷം.
മുംബൈ ഇന്ത്യന്‍സ് സൃഷ്ടിച്ച 163 റണ്‍സ് വിജയലക്ഷ്യം മറികടക്കാന്‍ കഴിയില്ല എന്ന ഉറച്ച വിശ്വാസത്തിലിരുന്ന ആരാധകരെ ഞെട്ടിച്ചു കൊണ്ടാണ് നിര്‍ണ്ണായകമായ, ചെന്നൈക്ക് കരുത്തായ റായുഡു നേടിയ 71 റണ്‍സ് പിറക്കുന്നത്. ഒപ്പം ഒരറ്റത്ത് ഉറച്ചുനിന്ന് കളിച്ച ഫാഫ് ഡുപ്ലേസിയുടെ 44 പന്തില്‍ ആറു ഫോറുകള്‍ സഹിതം 58 റണ്‍സുമായി പുറത്താകാതെ നിന്ന അപ്രതീക്ഷിത ‘കലിയുടെ കളിയും’ ചേര്‍ന്നപ്പോള്‍ മുംബൈ ഇന്ത്യന്‍സിന്റെ കാര്യത്തില്‍ തീരുമാനമായി. സത്യത്തില്‍, പ്രതീക്ഷയുടെ മികച്ച തുടക്കമാണ് മുംബൈ കുറിച്ചത്. പക്ഷെ, പ്രതീക്ഷിച്ച സ്കോറിലേക്ക് എത്താനാകാതെ പോയി. എന്നാല്‍ കിംഗ്സ് മോശം തുടക്കത്തിന് ശേഷം ശക്തമായി തിരിച്ചടിച്ചാണ് ‘കലി’ വീട്ടിയത്.
ആരാധകരുടെ ഏറ്റവും വലിയ നിരാശ ദീര്‍ഘകാലത്തെ ഇടവേളക്ക്ശേഷം കളത്തിലിറങ്ങിയ മഹേന്ദ്രസിങ് ധോണിയുടെ ഒരു പ്രകടനവും കാണാന്‍ കഴിഞ്ഞില്ല എന്നതാണ്. ആകെ നേരിട്ട രണ്ടു പന്തില്‍ റണ്ണൊന്നുമെടുക്കാതെ, ഒട്ടും ഊര്‍ജ്ജമില്ലാതെ പുറത്താകാതെ നിന്നതാണ് ആകെ സംഭവിച്ച കാര്യം. വെടിക്കെട്ട് പ്രകടനം കാത്തിരുന്ന ആരാധകര്‍ക്ക് കടുത്ത നിരാശയാണ് ധോണി സമ്മാനിച്ചത്. ഇനി വലിയ പ്രതീക്ഷ വേണ്ട എന്ന ഒരു ധ്വനി ആ ശരീര ഭാഷ നല്‍കുന്നുണ്ട് എന്നാണ് ധോണി വിരോധികളുടെ വിലയിരുത്തല്‍.
Most Important: ലോകം മറ്റൊരു ദുരന്തം നേരിടേണ്ടി വരും; ബില്‍ ഗേറ്റ്സ്
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തിലാണ് 162 റണ്‍സെടുത്തത്. ഹിറ്റ്മാന് രോഹിത് ശര്‍മയും ക്വിന്റണ്‍ ഡികോക്കുമാണ് മൂംബൈ ഇന്നിങ്സ് ആരംഭിച്ചത്. 4.4 ഓവറില്‍ ഇരുവരും ചേര്‍ന്ന് സ്കോര്‍ 46ല്‍ എത്തിച്ചു. രോഹിതാണ് ആദ്യം പുറത്തായത്. 10 പന്തില്‍ രണ്ട് ബൗണ്ടറി ഉള്‍പ്പെടെ 12 റണ്‍സെടുത്ത രോഹിതിനെ ചൗളയാണ് പുറത്താക്കിയത്.
സ്കോര്‍ 48ല്‍ നില്‍ക്കെ 20 പന്തില്‍ 33 റണ്‍സുമായി ഡികോക്കും മടങ്ങി. സ്കോര്‍ 92ല്‍ സൂര്യകുമാര്‍ യാദവും 121ല്‍ സൗരഭ് തിവാരിയും മടങ്ങി. 31 പന്തില്‍ മൂന്ന് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 42 റണ്‍സാണ് തിവാരി നേടിയത്. യാദവ് 17 റണ്‍സെടുത്തു.
കീറണ്‍ പൊള്ളാര്‍ഡ് 18 റണ്‍സും ജയിംസ് പാറ്റിന്സണ് 11 റണ്‍സുമെടുത്ത് പുറത്തായി. ഹാര്‍ദിക് പാണ്ഡ്യ 14, കൃനാല്‍ പാണ്ഡ്യ 3, രാഹുല്‍ ചാഹര്‍ 2, എന്നിവര്‍ കാര്യമായ സംഭാവന നല്‍കാതെ മടങ്ങി. ബുമ്ര 5 റണ്‍സുമായി പുറത്താകാതെ നിന്നു.
ചെന്നൈക്ക് വേണ്ടി ലുങ്കി എന്‍ഗിഡി മൂന്ന് വിക്കറ്റുകളാണ് നേടിയത്. ദീപക് ചാഹര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും സാം കറണ്‍, പീയുഷ് ചൗള എന്നിവര്‍ ഓരോ വിക്കറ്റും നേടി. രണ്ട് തകര്‍പ്പന്‍ ക്യാച്ചുകള്‍ കൊണ്ട് ആരാധക മനസ്സുകളെ കീഴടക്കിയ ഡുപ്ലേസിയാണ് ഇന്നത്തെ താരം.
Related News: മാദ്ധ്യമങ്ങള്‍ക്ക് സ്റ്റേഡിയത്തില്‍ വിലക്ക്; ഐപിഎല്‍ തുടങ്ങാനിരിക്കെ കര്‍ശന നിര്‍ദേശവുമായി ബിസിസിഐ