തിരുവനന്തപുരം: നിയമസഭാ വോട്ടെടുപ്പിന്റെ അന്തിമ ഫലമറിയാൻ വൈകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. ഇത്തവണ തപാൽ വോട്ടുകളുടെ എണ്ണം കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യഫല സൂചനകൾ 10 മണിയോടെ മാത്രമേ ലഭ്യമാകുകയുള്ളു. ഇത്തവണ ട്രൻഡ് സോഫ്റ്റ് വെയറില്ല. എന്നാൽ കൃത്യമായ ഫലം വേഗത്തിൽ എത്താനുള്ള സജ്‌ജീകരണങ്ങൾ നടത്തിയിട്ടുണ്ട്. തപാൽ വോട്ടിൽ തർക്കങ്ങൾ ഉണ്ടാകില്ല. ഉദ്യോഗസ്‌ഥർക്ക് കൃത്യമായ പരിശീലനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി.
കൃത്യമായ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും വോട്ടെണ്ണൽ. മെയ് ഒന്നു മുതൽ നാലുവരെ കേരളത്തിൽ ഒരു തരത്തിലുമുള്ള സാമൂഹ്യ- രാഷ്‌ട്രീയ കൂട്ടായ്‌മകളോ യോഗങ്ങളോ വിജയാഘോഷങ്ങളോ അനുവദിക്കില്ലെന്ന് ടീക്കാറാം മീണ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇക്കാര്യം ഉറപ്പാക്കാൻ സംസ്‌ഥാന പോലീസ് മേധാവിക്കും ജില്ലാ കളക്‌ടർമാർക്കും അദ്ദേഹം നിർദ്ദേശം നൽകി. ഹൈക്കോടതി വിധിയുടെ പശ്‌ചാത്തലത്തിലാണ് നടപടി.
കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ ഒരു തരത്തിലുള്ള കൂടിച്ചേരലുകളോ ആഘോഷമോ ഉണ്ടാകരുതെന്നും, എല്ലാ മാർഗ നിർദ്ദേശങ്ങളും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും രാഷ്‌ട്രീയ കക്ഷികളും ഉദ്യോഗസ്‌ഥരും പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നാണ് ഹൈക്കോടതി വിധിയിലുള്ളത്.
നിർദ്ദേശങ്ങൾ പാലിക്കാൻ സത്വര നടപടി സ്വീകരിക്കണമെന്നും നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ ആക്‌ട് പ്രകാരവും ദുരന്ത നിവാരണ ആക്‌ട് പ്രകാരവും മറ്റ് ബാധകമായ നിയമങ്ങൾ പ്രകാരവും നടപടി എടുക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഈ വിധി പ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്നെന്ന് ഉറപ്പാക്കണമെന്നാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശം നൽകിയത്.
Also Read: മെഡിക്കൽ കോളേജിൽ ഐസിയു കിടക്കകളുടെ എണ്ണം വർധിപ്പിക്കണം; കെജിഎംസിടിഎ







































