തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ജപ്‌തി നടപടിക്കിടെ ആത്‍മഹത്യ ചെയ്‌ത അമ്പിളിയുടെ മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലിരിക്കെ ഇന്നലെ വൈകിട്ടോടെയാണ് അമ്പിളി മരിച്ചത്. രാജന്റെയും അമ്പിളിയുടെയും മരണത്തിന് കാരണം പൊലീസാണെന്ന് മക്കള്‍ ആരോപിച്ചു.
കോടതി ഉത്തരവിന്റെ ഭാഗമായി വീട് ഒഴിപ്പിക്കാനെത്തിയ അഭിഭാഷക കമ്മീഷനും പോലീസിനും മുന്നില്‍ വെച്ചാണ് രാജന്‍ ആത്‍മഹത്യാ ഭീഷണി മുഴക്കിയത്. വീട് ഒഴിയാന്‍ ആവശ്യപ്പെടുന്നതിനിടെ രാജന്‍ വീടിനകത്ത് കയറി കന്നാസില്‍ കരുതിയ മണ്ണെണ്ണ ഭാര്യ അമ്പിളിയെ ചേര്‍ത്ത് പിടിച്ച് ദേഹത്ത് ഒഴിച്ച ശേഷം ലൈറ്റര്‍ കത്തിക്കുകയായിരുന്നു. ഇതിനിടെ തീ ആളിപ്പടര്‍ന്ന് ഇരുവര്‍ക്കും ഗുരുതരമായി പൊള്ളലേറ്റു.
ആത്‍മഹത്യാ ഭീഷണി മാത്രമായിരുന്നു ലക്ഷ്യമെന്നും പോലീസ് ഇടപെട്ടതോടെയാണ് തീകൊളുത്തേണ്ടി വന്നതെന്നും മരിക്കുന്നതിന് മുമ്പ് രാജന്‍ മൊഴി നല്‍കിയിരുന്നു. രാജന്റെ മരണത്തില്‍ പോലീസിനെതിരെ ഗുരുതര ആരോപണം ഉയരുന്നതിനിടെയാണ് അമ്പിളിയുടെ മരണം. പോലീസ് രാജന്റെ കയ്യിലെ ലൈറ്റര്‍ തട്ടി മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് തീ ആളിപ്പടര്‍ന്നത്. സംഭവത്തില്‍ ഗ്രേഡ് എസ്ഐ അനില്‍ കുമാറിനും പൊള്ളലേറ്റിരുന്നു.
രാജന്റെ മൃതദേഹം അടക്കം ചെയ്യുന്നത് പൊലീസ് തടയാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുന്ന അമ്പിളിയുടെ മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
Read also: വീട് ഒഴിപ്പിക്കുന്നതിനിടെ ആത്‌മഹത്യാ ശ്രമം; ഭർത്താവിന് പിന്നാലെ ഭാര്യക്കും ദാരുണാന്ത്യം