ന്യൂഡെല്‍ഹി : രാജ്യത്ത് വീണ്ടും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അന്പതിനായിരത്തില് താഴെ എത്തി. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് ബാധിതരായ ആളുകളുടെ എണ്ണം 47,638 ആണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 84 ലക്ഷം കടന്നു. നിലവില്‍ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 84,11,724 ആണ്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് ബാധിച്ചു ജീവന് നഷ്ടമായത് 670 ആളുകള്‍ക്കാണ്. ഇതോടെ ആകെ മരണസംഖ്യ 1,24,985 ആയി ഉയര്‍ന്നിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ രോഗമുക്തരായ ആളുകളുടെ ആകെ എണ്ണം 77,65,966 ആണ്. രോഗമുക്തരുടെ എണ്ണത്തിൽ ഉയര്‍ച്ച ഉണ്ടാകുന്നതിനാല്‍ പ്രതിദിനം ചികില്‍സയില്‍ കഴിയുന്ന ആളുകളുടെ എണ്ണത്തിലും കുറവ് ഉണ്ടാകുന്നുണ്ട്. നിലവില്‍ രാജ്യത്ത് ചികിൽസയില്‍ കഴിയുന്ന ആളുകളുടെ എണ്ണം 5,20,773 ആണ്.
കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ കൂടി ആയപ്പോള്‍ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 17 ലക്ഷം കടന്നു. ഇതുവരെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് 17,03,444 കോവിഡ് കേസുകൾ ആണ്. ഒപ്പം തന്നെ കര്‍ണാടകയില്‍ 8,38,929 കേസുകളും, ആന്ധ്രാപ്രദേശില്‍ 8,35,953 കേസുകളും, തമിഴ്നാട്ടില്‍ 7,36,777 കേസുകളും, ഉത്തര്‍പ്രദേശില്‍ 4,91,354 കേസുകളും, കേരളത്തില്‍ 4,66,466 കേസുകളുമാണ് ഇതുവരെ ഓരോ സംസ്ഥാനങ്ങളിലും റിപ്പോര്‍ട്ട് ചെയ്ത ആകെ കോവിഡ് കേസുകള്‍.
Read also : കോളേജുകള്‍ തുറക്കാം; മാര്‍ഗ നിര്‍ദേശവുമായി യുജിസി







































