ന്യൂഡെൽഹി: കോവിഡ് 19 പ്രതിരോധ വാക്സിൻ വികസനത്തിന്റെ പുരോഗതി അവലോകനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിന് സമീപമുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിഡസ് കാഡില സന്ദർശിക്കുമെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ അറിയിച്ചു. അഹമ്മദാബാദ് നഗരത്തിനടുത്തുള്ള ചങ്കോദർ വ്യവസായ മേഖലയിലാണ് സിഡസ് കാഡില സ്ഥിതി ചെയ്യുന്നത്.
അഹമ്മദാബാദിലെ വാക്സിന് ടെക്നോളജി സെന്ററില്‍ കോവിഡിനെതിരെ സാധ്യതാ ഡിഎന്‍എ വാക്സിന് സികോവ്-ഡി (ZyCoV-D) വികസിപ്പിച്ചതായി സിഡസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രി ക്ളിനിക്കൽ പരീക്ഷണത്തില്‍ വാക്സിന് ചുണ്ടെലി, എലി, ഗിനിപ്പന്നി, മുയല് എന്നിവയില്‍ ഫലപ്രദമായി പ്രവര്‍ത്തിച്ചെന്നും സുരക്ഷാപ്രശ്നങ്ങള്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും സിഡസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങുന്നത്.
ക്ളിനിക്കല്‍ ട്രയല്‍ രജിസ്ട്രി ഓഫ് ഇന്ത്യ പ്രകാരം ജൂലൈ 4നാണ് സിഡസ് ആദ്യഘട്ട പരീക്ഷണം ആരംഭിച്ചത്. സികോവ്-ഡിയുടെ ഒന്നാം ഘട്ട ക്ളിനിക്കൽ ട്രയൽ പൂർത്തിയാക്കിയതായും രണ്ടാം ഘട്ട പരീക്ഷണം ആരംഭിച്ചതായും കമ്പനി നേരത്തെ അറിയിച്ചിരുന്നു.
രാവിലെ 9.30ഓടെ പ്രധാനമന്ത്രി എത്തിച്ചേരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
അഹമ്മദാബാദിൽ നിന്ന് പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും പ്രധാനമന്ത്രി സന്ദർശിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ആഗോള മരുന്ന് ഭീമനായ അസ്ട്രാസെനക്കയും ഓക്സ്ഫഡുമായി സഹകരിച്ച് നിർമിക്കുന്ന വാക്സിൻ അടുത്ത വർഷത്തോടെ വിപണിയിൽ എത്തുമെന്നാണ് സിറം അധികൃതർ പറയുന്നത്. തുടർന്ന്, വൈകുന്നേരത്തോടെ പ്രധാനമന്ത്രി ഹൈദരാബാദിലേക്ക് എത്തുമെന്നും ‘കൊവാക്സിൻ’ നിർമാതാക്കളായ ഭാരത് ബയോ ടെക് സന്ദർശിക്കുമെന്നും പോലീസ് കമ്മീഷണർ വിസി സജ്ജനാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
Also Read: കോവിഷീല്‍ഡ് വാക്സിൻ ; പ്രധാനമന്ത്രി സിറം ഇൻസ്റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കും








































