മന്ത്രിവാഹനങ്ങളിലെ കര്‍ട്ടനും കൂളിങ് പേപ്പറും നീക്കം ചെയ്യണം; കത്ത് നല്‍കി മോട്ടോര്‍വാഹന വകുപ്പ്

By Staff Reporter, Malabar News
ministers vehicles
Representational Image
Ajwa Travels

തിരുവനന്തപുരം: മന്ത്രിവാഹനങ്ങളിലെ കൂളിങ് പേപ്പറും കര്‍ട്ടനുകളും നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് ടൂറിസം വകുപ്പിന് കത്ത് നല്‍കി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍. മന്ത്രിമാരും വിഐപികളും ഉപയോഗിക്കുന്ന വാഹനങ്ങളെല്ലാം ടൂറിസം വകുപ്പിന്റെതാണ് എന്നും വാഹന ഉടമ എന്ന നിലയില്‍ വാഹനങ്ങളിലെ നിയമവിരുദ്ധ ക്രമീകരണങ്ങള്‍ ഒഴിവാക്കേണ്ട ബാധ്യത ടൂറിസം വകുപ്പിനുണ്ട് എന്നും കത്തില്‍ പറയുന്നു. മാത്രവുമല്ല മന്ത്രിവാഹനമാണ് എങ്കിലും പിഴ അടക്കേണ്ടിവരുക ടൂറിസം വകുപ്പാണെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

നിയമസഭാ സമ്മേളനത്തിന് തിങ്കളാഴ്‌ച എത്തിയ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും വാഹനങ്ങളില്‍ കൂളിങ് പേപ്പറും കര്‍ട്ടനുകളും ഉണ്ടായിരുന്നു. ഇത് ജനപ്രതിനിധികളും മന്ത്രിമാരും നിയമം ലംഘിക്കുന്നതായുള്ള ആക്ഷേപത്തിനും ഇടയാക്കിയിരുന്നു.

സര്‍ക്കാര്‍ വാഹനങ്ങളിലെ കൂളിങ് പേപ്പറും കര്‍ട്ടനുകളും നീക്കംചെയ്യാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവ് ഇറക്കിയതിന്റെ അടിസ്‌ഥാനത്തിലാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ‘ഓപറേഷന്‍ സ്‌ക്രീന്‍’ എന്ന പേരില്‍ പ്രത്യേക പരിശോധന നടത്താന്‍ നിര്‍ദേശിച്ചത്.

വകുപ്പ് സെക്രട്ടറിമാരും കളക്ടര്‍മാരും അടക്കമുള്ള ഉന്നത ഉദ്യോഗസ്‌ഥരുടെ വാഹനങ്ങളിലും കര്‍ട്ടനുകളുണ്ട്. എന്നാല്‍ ഇസഡ്, ഇസഡ് പ്‌ളസ് കാറ്റഗറിയുള്ള വിവിഐപികള്‍ക്കും, വിഐപികള്‍ക്കും മാത്രമാണ് കര്‍ട്ടന്‍ ഉപയോഗിക്കാന്‍ അനുവാദമുള്ളത്. സംസ്‌ഥാനത്ത് മുഖ്യമന്ത്രി മാത്രമാണ് ഈ വിഭാഗത്തിലുള്ളത്.

അതേസമയം പോലീസ് വാഹനങ്ങളിലെ കര്‍ട്ടന്‍ നീക്കംചെയ്യാന്‍ പോലീസ് മേധാവി കഴിഞ്ഞയാഴ്‌ച ഉത്തരവിട്ടിരുന്നു. കേന്ദ്ര മോട്ടോര്‍വാഹന നിയമപ്രകാരം വാഹനങ്ങളുടെ ചില്ലുകളിലെ കാഴ്‌ച മറക്കാന്‍ പാടില്ല. സ്‌റ്റിക്കര്‍, കര്‍ട്ടന്‍ എന്നിവ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. സുപ്രീംകോടതിയാണ് 2012ല്‍ സ്‌റ്റിക്കര്‍ ഉപയോഗം നിരോധിച്ചത്. 2019ല്‍ കേരള ഹൈക്കോടതി കര്‍ട്ടന്‍ ഉപയോഗവും തടഞ്ഞു.

നിരോധിച്ചവ:

  • ഗ്‌ളാസുകളിലെ കൂളിങ് പേപ്പര്‍, കര്‍ട്ടന്‍
  • ബോണറ്റില്‍ കൊടി കെട്ടാന്‍ സ്‌ഥാപിക്കുന്ന കമ്പി
  • മുന്നിലും പിന്നിലുമുള്ള ക്രാഷ് ഗാര്‍ഡുകള്‍
  • പുറത്തേക്ക് തള്ളിനില്‍ക്കുന്ന ചവിട്ടുപടികള്‍

അനുവദനീയം:

  • വാഹന നിര്‍മാതാവ് നല്‍കുന്ന ടിന്റഡ് ഗ്‌ളാസുകള്‍.
  • പിന്നിലെ ഗ്‌ളാസിന് 70 ശതമാനവും വശങ്ങളിലെ ഗ്‌ളാസുകള്‍ക്ക് 50 ശതമാനവും സുതാര്യത.
  • വാഹനം വാങ്ങിയശേഷമുള്ള മാറ്റങ്ങള്‍ നിയമവിരുദ്ധമാണ്.

നിയമം ലംഘിക്കുന്നവര്‍ക്ക് കോടതി വിധി പാലിക്കാത്തതിനുള്ള ശിക്ഷകൂടി ചേര്‍ത്ത് 1250 രൂപയാണ് പിഴയായി ഒടുക്കേണ്ടിവരിക.

Read Also: എറണാകുളത്ത് ബിജെപിയിൽ അച്ചടക്ക നടപടി; 15 പേരെ പുറത്താക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE