തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ജപ്‌തി നടപടികള്‍ക്കിടെ മരിച്ച ദമ്പതികളുടെ മക്കളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുത്തു. രാജന്റെയും അമ്പിളിയുടെയും രണ്ട് മക്കളുടെയും സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. കുട്ടികള്‍ക്ക് വീടും സ്‌ഥലവും നല്‍കും. മുഖ്യമന്ത്രി തന്നെയാണ് വിഷയത്തില്‍ അടിയന്തര നിര്‍ദേശം നല്‍കിയത്.
അതേസമയം, കുട്ടികളുടെ പഠനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏറ്റെടുക്കുമെന്ന് ഡിവൈഎഫ്ഐ സംസ്‌ഥാനസെക്രട്ടറി എംഎ റഹീം അറിയിച്ചു. നേരത്തേ യൂത്ത് കോണ്‍ഗ്രസും കുട്ടികള്‍ക്ക് വീടും സ്‌ഥലവും നല്‍കാന്‍ സന്നദ്ധത അറിയിച്ചിരുന്നു.
ഈ മാസം 22നാണ് നെയ്യാറ്റിന്‍കര സ്വദേശികളായ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ചത്. കോടതി ഉത്തരവിന്റെ ഭാഗമായി ലക്ഷം വീട് കോളനിയിലെ പുറമ്പോക്ക് ഭൂമിയിലെ വീട് ഒഴിപ്പിക്കാനെത്തിയ അഭിഭാഷക കമ്മീഷനും പോലീസിനും മുന്നില്‍ വച്ച് രാജന്‍ ആത്‍മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു.
വീട് ഒഴിയാന്‍ ആവശ്യപ്പെടുന്നതിനിടെ രാജന്‍ വീടിനകത്ത് കയറി കന്നാസില്‍ കരുതിയ മണ്ണെണ്ണ ഭാര്യ അമ്പിളിയെ ചേര്‍ത്ത് പിടിച്ച് ദേഹത്ത് ഒഴിച്ച ശേഷം ലൈറ്റര്‍ കത്തിക്കുകയായിരുന്നു. ഇതിനിടെ തീ ആളിപ്പടര്‍ന്ന് ഇരുവര്‍ക്കും ഗുരുതരമായി പൊള്ളലേറ്റു. ഇന്നലെ പുലര്‍ച്ചെയോടെ രാജനും രാത്രിയില്‍ ഭാര്യ അമ്പിളിയും മരണത്തിന് കീഴടങ്ങി.
Read also: നെയ്യാറ്റിൻകരയിൽ മരിച്ച ദമ്പതികളുടെ മക്കൾക്ക് വീടും സ്‌ഥലവും നൽകും; ഷാഫി പറമ്പിൽ