കൊല്ലം: തെങ്കാശിയിൽ നിന്ന് പച്ചക്കറി നേരിട്ട് സംഭരിക്കാനുള്ള സംസ്‌ഥാന സർക്കാരിന്റെ നീക്കം അനിശ്‌ചിതത്വത്തിൽ. കേരള സർക്കാരിന്റെ പച്ചക്കറി സംഭരണത്തെ പറ്റി കൂടുതൽ ചർച്ചകൾ നടന്നിട്ടില്ലെന്ന സൂചനയാണ് തെങ്കാശിയിലെ കർഷകരും കൃഷി വകുപ്പ് ഉദ്യോഗസ്‌ഥരും നൽകുന്നത്. എന്നാൽ പച്ചക്കറി സംഭരണത്തിനുള്ള ധാരണാപത്രം ഉടൻ ഒപ്പിട്ട് അടുത്തയാഴ്‌ച തന്നെ സംഭരണം തുടങ്ങുമെന്ന നിലപാട് ആവർത്തിക്കുകയാണ് സംസ്‌ഥാന കൃഷി വകുപ്പ്.
പത്ത് ദിവസം മുൻപ് തെങ്കാശിയിൽ നിന്ന് പച്ചക്കറി സംഭരിക്കാൻ സംസ്‌ഥാന സർക്കാർ പ്രതിനിധികൾ നടത്തിയ ചർച്ചയിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കർഷക സംഘത്തിന്റെ പ്രതിനിധികളും പങ്കെടുത്തിരുന്നു. എന്നാൽ ആ യോഗത്തിനു ശേഷം കേരള സർക്കാരിന്റെ പച്ചക്കറി സംഭരണത്തെ കുറിച്ച് ആരും ഒന്നും പറഞ്ഞു പോലും കേട്ടിട്ടില്ലെന്നാണ് യോഗത്തിൽ പങ്കെടുത്തവർ പറയുന്നത്.
പരസ്യ പ്രതികരണത്തിന് തയ്യാറായില്ലെങ്കിലും ഇടനിലക്കാരെ ഒഴിവാക്കി കർഷകരിൽ നിന്ന് പച്ചക്കറി നേരിട്ട് സംഭരിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ തമിഴ്‌നാട് കൃഷി വകുപ്പ് ഉദ്യോഗസ്‌ഥരും സമ്മതിക്കുന്നുണ്ട്. ഏത് കരാർ ഉണ്ടാക്കിയാലും മഴയിലുണ്ടായ കൃഷി നാശത്തെ തുടർന്നുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാതെ കുറഞ്ഞ വിലക്ക് പച്ചക്കറി കേരളത്തിലേക്ക് എത്തില്ലെന്നാണ് മൊത്തക്കച്ചവടക്കാരുടെ ഭാഷ്യം.
കേരള സർക്കാരിന് പച്ചക്കറി നേരിട്ട് വിൽക്കുന്ന കാര്യത്തിൽ തെങ്കാശിയിലെ കർഷകർക്കും കൃഷി വകുപ്പ് ഉദ്യോഗസ്‌ഥർക്കും ഇടയിൽ ആശയക്കുഴപ്പം തുടരുകയാണെന്നാണ് ഇവിടെ നിന്ന് ലഭിക്കുന്ന സൂചന. എന്നാൽ എന്തെല്ലാം തടസങ്ങൾ ഉണ്ടായാലും തമിഴ്‌നാട്ടിലെ കർഷകരിൽ നിന്നുള്ള പച്ചക്കറി സംഭരണം അടുത്തയാഴ്‌ച തന്നെ തുടങ്ങുമെന്ന അവകാശവാദം ആവർത്തിക്കുകയാണ് ഹോർട്ടികോർപ്പ് എംഡി ഉൾപ്പെടെയുള്ള ഉന്നത കൃഷി വകുപ്പ് ഉദ്യോഗസ്‌ഥർ.
Read Also: ബിപിൻ റാവത്തിന് എതിരായ പരാമർശം; രശ്‌മിതക്ക് എതിരെ നടപടി ഉണ്ടാകുമെന്ന് എജി