കൊച്ചി: ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്‌ത സൈനിക മേധാവി ബിപിന്‍ റാവത്തിന് എതിരായ പരാമർശത്തിൽ കേരള ഹൈക്കോടതി പ്‌ളീഡർ രശ്‌മിത രാമചന്ദ്രന് എതിരെ നടപടിയുണ്ടാകുമെന്ന് അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്‌ണ കുറുപ്പ് പറഞ്ഞു. അഡ്വ. രശ്‌മിതയുടെ ഫേസ്ബുക്ക് പോസ്‌റ്റിന് എതിരെ പരാതി കിട്ടിയിട്ടുണ്ടെന്നും സ്വാഭാവിക നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്‌തമാക്കി. എന്നാൽ എന്താകും നടപടിയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും എജി വിശദീകരിച്ചു.
ബിപിന്‍ റാവത്തിനെതിരായ പോസ്‌റ്റുമായി ബന്ധപ്പെട്ട് രശ്‌മിത രാമചന്ദ്രനെതിരെ വിമുക്‌ത ഭടൻമാരാണ് കഴിഞ്ഞ ദിവസം എജിക്ക് പരാതി നൽകിയത്. മരണം ആരെയും വിശുദ്ധനാക്കുന്നില്ലെന്ന വാദത്തോടെയായിരുന്നു രശ്‌മിതയുടെ സമൂഹമാദ്ധ്യമങ്ങളിലെ പരാമര്‍ശങ്ങള്‍. രശ്‌മിതക്ക് എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് വിമുക്‌ത ഭടൻമാർ രംഗത്ത് വന്നത്.
ബിപിന്‍ റാവത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ രാജ്യമൊന്നാകെ കേഴുമ്പോഴാണ് സര്‍ക്കാര്‍ പ്‌ളീഡറുടെ പ്രസ്‌താവനയെന്നാണ് കത്തിലെ പരാമര്‍ശം. ഉത്തരവാദിത്തപ്പെട്ട പദവിയിലുള്ള ജീവനക്കാരിയുടെ ഇത്തരം പരാമര്‍ശങ്ങള്‍ തെറ്റായ സന്ദേശം നല്‍കുന്നതാണെന്നും എജിക്കുള്ള കത്തില്‍ വിമുക്‌ത ഭടൻമാർ ചൂണ്ടികാട്ടിയിരുന്നു.
ഭരണഘടനാ ചട്ടങ്ങൾ ലംഘിച്ചുകൊണ്ടാണ് ബിപിൻ റാവത്തിനെ സംയുക്‌ത സൈനിക മേധാവിയാക്കിയതെന്നും, മരണം ആരെയും വിശുദ്ധരാക്കില്ലെന്നും ആയിരുന്നു അഡ്വ. രശ്‌മിതയുടെ ഫേസ്ബുക്ക് പോസ്‌റ്റ്.
Most Read: പ്രതിഷേധം ശക്‌തമായി; വിവാദ ഖണ്ഡിക പിൻവലിച്ച് സിബിഎസ്ഇ