തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട അനിശ്‌ചിതത്വത്തിന് ഒടുവിൽ സംസ്‌ഥാനത്ത് ഇന്ന് മുതൽ ഡ്രൈവിങ് ടെസ്‌റ്റ് പൂർണതോതിൽ പുനഃസ്‌ഥാപിക്കും. ടെസ്‌റ്റ് പരിഷ്‌ക്കരണത്തിനെതിരെ സംസ്‌ഥാനത്തെ ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെ സംയുക്‌ത സമിതി നടത്തിവന്ന സമരം അവസാനിച്ചതോടെയാണ് ടെസ്‌റ്റുകൾ വീണ്ടും പുനരാരംഭിക്കുന്നത്.
സമരസമിതി ഉന്നയിച്ച ആവശ്യങ്ങൾക്ക് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ അനുഭാവ പൂർണമായ നിലപാടെടുത്തതോടെയാണ് സമരം ഒത്തുതീർപ്പിലെത്തിയത്. സമരം നടന്ന ദിവസങ്ങളിൽ മുടങ്ങിയ ടെസ്‌റ്റുകൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടികൾ എടുക്കാൻ ആർടിഒമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രണ്ടേമുക്കാൽ ലക്ഷത്തോളം അപേക്ഷകളാണ് മുടങ്ങിക്കിടക്കുന്നത്.
അതേസമയം, ഡ്രൈവിങ് പരിഷ്‌ക്കരണ സർക്കുലർ പിൻവലിക്കില്ല. പകരം സർക്കുലറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനാണ് ഇന്നലെ നടന്ന യോഗത്തിൽ തീരുമാനിച്ചത്. ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർമാരുള്ള സ്‌ഥലത്ത് ദിവസേന 40 ടെസ്‌റ്റും ഒന്നിലധികം എംവിഐ ഉള്ള സ്‌ഥലങ്ങളിൽ 80 ടെസ്‌റ്റും നടക്കും. ഇരട്ട ക്‌ളച്ച് സംവിധാനം തുടരും. ഡ്രൈവിങ് ടെസ്‌റ്റിന്റെ 18 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ അനുവദിക്കുമെന്നും മന്ത്രി യോഗത്തിൽ അറിയിച്ചു.
നിലവിലെ മാതൃകയിൽ ആദ്യം ഗ്രൗണ്ട് ടെസ്‌റ്റും തുടർന്ന് റോഡ് ടെസ്‌റ്റും നടത്തും. ടെസ്‌റ്റ് നടത്തുന്ന വാഹനത്തിൽ ക്യാമറ സ്‌ഥാപിക്കണമെന്ന ആവശ്യം ഡ്രൈവിങ് സ്‌കൂൾ ഉടമകൾ അംഗീകരിച്ചു. ടെസ്‌റ്റ് നടത്തുന്ന വാഹനത്തിൽ മോട്ടോർവാഹന വകുപ്പ് ക്യാമറ വാങ്ങി ഘടിപ്പിക്കും. ഇതിലെ ദൃശ്യങ്ങൾ ആറുമാസം വരെ ആർടി ഓഫീസിലെ കമ്പ്യൂട്ടറിൽ സൂക്ഷിക്കും. ഡ്രൈവിങ് ടെസ്‌റ്റിന് ഈടാക്കുന്ന ഫീസ് ഏകീകരിക്കാൻ സമിതിയെ നിയോഗിക്കും. കെഎസ്ആർടിസി പത്ത് കേന്ദ്രങ്ങളിൽ ഡ്രൈവിങ് സ്‌കൂളുകൾ ആരംഭിക്കുമെന്നും മന്ത്രി യോഗത്തിൽ അറിയിച്ചു.
Most Read| ഊട്ടി-കൊടൈക്കനാൽ യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതി