കൊച്ചി: ഇടപ്പള്ളിയിലെ ടാറ്റൂ സ്‌റ്റുഡിയോ പീഡനക്കേസിൽ പിടിച്ചെടുത്ത സിസിടിവിയുടെ ഡിവിആർ ഇന്ന് ഫോറൻസിക് പരിശോധനക്ക് അയക്കും. പീഡനം നടന്നതായി പറയപ്പെടുന്ന ദിവസത്തെ ദൃശ്യങ്ങൾ കണ്ടെത്തുക എന്നതാണ് പോലീസിന്റെ ലക്ഷ്യം. ദൃശ്യങ്ങൾ ലഭിച്ചാൽ പ്രതി സുജീഷിനെതിരെ അത് കൂടുതൽ തെളിവാകും. പ്രതിയെ ഇന്നലെ മജിസ്‌ട്രേറ്റ് കോടതിയിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തിരുന്നു.
പാലാരിവട്ടം പോലീസ് സ്‌റ്റേഷനിൽ പ്രതിക്കെതിരെ നിലനിൽക്കുന്ന 4 കേസുകളിൽ ഇന്ന് അന്വേഷണ സംഘം അറസ്‌റ്റ് രേഖപ്പെടുത്തും. കൊച്ചി ഇടപ്പള്ളി കുന്നുംപുറത്തെ ടാറ്റൂ സ്‌റ്റുഡിയോയിൽ ടാറ്റൂ ചെയ്യാനെത്തിയ യുവതികളെ ഉടമസ്‌ഥനായ സുജീഷ് പീഡിപ്പിച്ചെന്നാണ് കേസ്.
കേസിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് സുജീഷ് മൊഴി നൽകിയത്. കൊച്ചിയിലെ ടാറ്റൂ സ്‌റ്റുഡിയോ ഗ്രൂപ്പാണ് ഇതിന് പിന്നിലെന്നും സുജീഷ് ആരോപിച്ചു. ഇടപ്പള്ളിയിൽ പുതിയ ടാറ്റൂ സ്‌റ്റുഡിയോ തുടങ്ങാൻ താൻ പദ്ധതിയിട്ടിരുന്നു. തന്നെ പങ്കാളിയാക്കാൻ ഈ ഗ്രൂപ്പ് ശ്രമിച്ചെങ്കിലും താൻ തയാറായിട്ടില്ല. ഇതിന്റെ പ്രതികാരമായാണ് കേസ് വന്നതെന്നും സുജീഷ് മൊഴി നൽകി.
യുവതികൾ ഇയാൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയതിന് പിന്നാലെ ശനിയാഴ്‌ച വൈകിട്ട് ചേരാനല്ലൂർ പോലീസ് സ്‌റ്റേഷനിൽ എത്തി സുജീഷ് കീഴടങ്ങുകയായിരുന്നു. പിന്നാലെ പോലീസ് അറസ്‌റ്റ് രേഖപ്പെടുത്തി. പാലാരിവട്ടം, ചേരാനല്ലൂർ സ്‌റ്റേഷനുകളിലായി ബലാൽസംഗമുൾപ്പടെ 6 കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
Most Read: യുദ്ധം തടസമായില്ല; ക്‌ളെവെറ്റ്സിനും നടാലിയക്കും ബങ്കറിനുള്ളിൽ വിവാഹം