കൊൽക്കത്ത: നന്ദിഗ്രാമിൽ വെച്ച് ആക്രമിക്കപ്പെട്ടെന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ. മമത ബാനർജിക്കെതിരെ ആക്രമണം നടന്നിട്ടില്ല. ആക്രമണം നടന്നതിന് തെളിവില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി അലാപൻ ബന്ദ്യോപാധ്യായയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. തിരഞ്ഞെടുപ്പ് പ്രചാരത്തിനിടെ നന്ദിഗ്രാമിൽ വെച്ച് ആക്രമിക്കപ്പെട്ടു എന്നായിരുന്നു മമതാ ബാനർജിയുടെ വാദം.
ചികിൽസ കഴിഞ്ഞ് മമതാ ബാനർജി ആശുപത്രി വിട്ടതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറി അലാപൻ ബന്ദ്യോപാധ്യായ സംഭവവുമായി ബന്ധപ്പെട്ട് റിപ്പോർട് തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചത്. മമതക്ക് പരുക്കേറ്റത് കാറിന്റെ ഡോറിൽ തട്ടിയാണ് എന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ റിപ്പോർട്.
അതേസമയം ആശുപത്രി വിട്ട മമത ഇന്ന് മുതൽ തിരഞ്ഞെടുപ്പ് പ്രചാരണം വീണ്ടും ആരംഭിച്ചു. വീൽ ചെയറിൽ ഇരുന്നാണ് മമത റാലികൾ നയിച്ചത്. ‘എനിക്ക് വളരെയേറെ വേദനയുണ്ട്. എന്നാൽ എന്റെ ജനങ്ങള്‍ അതിലേറെ വേദനിക്കുന്നതായി അറിയാം’- മമതാ ബാനർജി ട്വിറ്ററിൽ കുറിച്ചു.
Read Also: ആന്ധ്രാ തദ്ദേശ തിരഞ്ഞെടുപ്പ്; വൈഎസ്ആർ കോൺഗ്രസ് വൻ വിജയത്തിലേക്ക്







































