പത്തനംതിട്ട: പത്തനാപുരത്തിന് പിന്നാലെ കോന്നിയിലും സ്‍ഫോടക വസ്‌തു ശേഖരം കണ്ടെത്തി. കോക്കാത്തോട്, വയക്കര പ്രദേശത്തുനിന്ന് 90 ജലാറ്റിന്‍ സ്‌റ്റിക്കുകളാണ് കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്‌ഥർ നല്‍കിയ വിവരത്തെ തുടർന്നാണ് പ്രദേശത്ത് പോലീസ് പരിശോധന നടത്തിയത്. ഏകദേശം ഒന്നര മാസത്തെ പഴക്കമാണ് ഇതിന് കണക്കാക്കുന്നതെന്നാണ് പോലീസ് നല്‍കുന്ന വിവരം.
കൊല്ലം, പത്തനാപുരത്ത് സ്‍ഫോടക വസ്‌തു കണ്ടെത്തിയ സാഹചര്യത്തില്‍ വനംവകുപ്പ് വനാതിര്‍ത്തിയില്‍ പരിശോധന ശക്‌തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഇന്ന് വനംമേഖലയില്‍ വയക്കര പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ജലാറ്റിന്‍ സ്‌റ്റിക്കുകൾ കണ്ടെത്തിയത്.
കഴിഞ്ഞദിവസം പത്തനാപുരത്ത് വനം വികസന കോർപറേഷന് കീഴിലുള്ള കശുമാവിൻ തോട്ടത്തിൽ ഒളിപ്പിച്ച നിലയിൽ സ്‍ഫോടക വസ്‌തുക്കൾ കണ്ടെത്തിയിരുന്നു. 4 ഡിറ്റനേറ്ററുകളും 2 ജലാറ്റിൻ സ്‌റ്റിക്കുകളുമടക്കമുള്ള സ്‌ഫോടക വസ്‌തുക്കളാണ് ഇവിടെ നിന്നും കണ്ടെടുത്തത്.
സ്‍ഫോടക വസ്‌തുക്കൾ എത്തിച്ചവരെക്കുറിച്ച് വ്യക്‌തത ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. സമീപത്തെ പാറമടയിലെ ആവശ്യത്തിനായി എത്തിച്ചതാണോ സ്‍ഫോടക വസ്‌തുക്കളെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
സംഭവം സംസ്‌ഥാന ഭീകര വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അന്വേഷിക്കും. പ്രദേശത്ത് എടിഎസും സംസ്‌ഥാന പോലീസും ഇന്ന് സംയുക്‌ത പരിശോധന നടത്തും. സ്‍ഫോടക വസ്‌തുക്കൾ സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര അന്വേഷണ ഏജൻസികളും അന്വേഷിക്കും.
Most Read: സേവ് ലക്ഷദ്വീപ് ഫോറത്തിൽ നിന്ന് ബിജെപിയെ പുറത്താക്കി