ആലപ്പുഴ: കള്ളനോട്ട് കേസിൽ അറസ്റ്റിലായ ആലപ്പുഴ എടത്വ വനിതാ കൃഷി ഓഫിസർ എം ജിഷമോളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. തിരുവനന്തപുരം സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലേക്കാണ് മാറ്റിയത്. കോടതി നിർദ്ദേശ പ്രകാരമാണ് നടപടി. ഇന്നലെ രാത്രിയാണ് മാവേലിക്കര ജയിലിൽ നിന്ന് ജിഷയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്.
ഇന്നലെ ജയിലിൽ വെച്ച് ജിഷയ്ക്ക് അസ്വാഭാവികമായ പെരുമാറ്റമായിരുന്നു. മൂന്ന് വർഷമായി ജിഷ മാനസിക പ്രശ്നങ്ങൾക്ക് മരുന്ന് കഴിക്കുന്ന ആളാണെന്നും ചികിൽസ വേണമെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് ജിഷയെ പത്ത് ദിവസത്തേക്ക് മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റാൻ കോടതി നിർദ്ദേശം നൽകിയത്.
അതേസമയം, കള്ളനോട്ടിന്റെ ഉറവിടം എവിടെ നിന്നാണെന്ന് വെളിപ്പെടുത്താൻ ചോദ്യം ചെയ്യലിൽ ജിഷ തയ്യാറായിട്ടില്ല. ജിഷമോൾ നൽകിയ കള്ളനോട്ടുകൾ മറ്റൊരാൾ ബാങ്കിൽ നൽകിയപ്പോഴാണ് തട്ടിപ്പ് പുറത്തുവരുന്നത്. നൽകിയത് വ്യാജ നോട്ടുകൾ ആണെന്ന് അറിയാമായിരുന്നുവെന്ന് ജിഷ സമ്മതിച്ചിട്ടുണ്ട്. എന്നാൽ ഉറവിടം വെളിപ്പെടുത്തിയിട്ടില്ല. തുടർന്നായിരുന്നു അറസ്റ്റും റിമാൻഡും. തുടർന്നും ജിഷമോളെ കസ്റ്റഡിയിൽ വാങ്ങിയെങ്കിലും മാനസിക അസ്വസ്ഥതകൾ കാണിക്കുന്നതിനാൽ പോലീസിന് കൂടുതൽ ചോദ്യം ചെയ്യാനായില്ല.
കോൺവെന്റ് സ്ക്വയറിലെ ഫെഡറൽ ബാങ്ക് ശാഖയിൽ ജിഷയുമായി പരിചയമുള്ള ഒരു വ്യാപാരി കൊണ്ടുവന്ന 500 രൂപയുടെ ഏഴ് നോട്ടുകൾ കണ്ടു മാനേജർക്ക് സംശയം തോന്നിയതോടെയാണ് തട്ടിപ്പ് പുറത്തായത്. ബാങ്ക് മാനേജരുടെ പരാതി പ്രകാരം സൗത്ത് പോലീസ് നടത്തിയ അന്വേഷണത്തിൽ ജിഷയുടെ വീട്ടിലെ ജോലിക്കാരൻ കുഞ്ഞുമോൻ വ്യാപാരിക്ക് നൽകിയ നോട്ടുകളാണ് ഇതെന്ന് കണ്ടെത്തി.
ടാർപോളിൻ വാങ്ങിയതിന്റെ വിലയായി കുഞ്ഞുമോൻ 3500 രൂപയുടെ കള്ളനോട്ടുകളാണ് വ്യാപാരിക്ക് കൈമാറിയത്. ഈ പണം കുഞ്ഞുമോന് നൽകിയത് ജിഷയാണ്. തുടർന്നാണ് ജിഷയുടെ വീട്ടിൽ റെയ്ഡ് നടത്തിയതും അവരെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തതുമെല്ലാം. ആലപ്പുഴ കളരിക്കൽ ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയാണ് ജിഷ. എടത്വ കൃഷി ഓഫിസർ ആണെങ്കിലും വല്ലപ്പോഴും മാത്രമേ ജോലിക്ക് പോകാറുള്ളൂ.
ഫാഷൻ ഷോയിലും മോഡലിങ് രംഗത്തും സജീവമാണ്. ഭർത്താവ് മലപ്പുറത്ത് കോളേജ് അധ്യാപകൻ ആണെന്നാണ് ഇവർ സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്. എന്നാൽ, ഓൺലൈൻ മാർക്കറ്റിങ്ങിന്റെ ബിസിനസ് ആണെന്ന് ജിഷ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം, സർവീസിൽ നിന്ന് ജിഷയെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. മറ്റു പ്രതികളെ കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഇവരെ കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്യും.
Most Read: ‘തലവെട്ടിയാലും ഡിഎ നൽകില്ല’; പശ്ചിമ ബംഗാളിൽ സർക്കാർ ജീവനക്കാർ ഇന്ന് പണിമുടക്കും








































