ആലപ്പുഴ: എടത്വ വനിതാ കൃഷി ഓഫിസർ എം ജിഷമോൾ പ്രതിയായ കള്ളനോട്ട് കേസിലെ പ്രധാന പ്രതി പിടിയിൽ. പാലക്കാട് വാളയാറിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ജിഷമോൾക്ക് കള്ളനോട്ടുകൾ നൽകിയത് ഇയാളാണെന്നാണ് കണ്ടെത്തൽ. ജിഷയുടെ സുഹൃത്തും കളരി ആശാനുമായ വ്യക്‌തിയാണ് ഇയാളെന്നും സൂചനയുണ്ട്.
പാലക്കാട് നിന്നും മറ്റൊരു കേസിലായിരുന്നു പോലീസ് ഇയാളെ പിടികൂടിയത്. ആലപ്പുഴയിൽ നിന്നുള്ള പോലീസ് വിവരം അറിഞ്ഞതോടെ പാലക്കാടേക്ക് പോയിട്ടുണ്ട്. പാലക്കാട്ടെ നടപടി ക്രമങ്ങൾ പൂർത്തിയായാൽ ഇയാളെ ആലപ്പുഴയിൽ എത്തിച്ചു ചോദ്യം ചെയ്യാനാണ് തീരുമാനം. ജിഷമോൾ അറസ്‌റ്റിലായതിന് പിന്നാലെ ഇയാൾ നാടുവിടുകയായിരുന്നു. പ്രതിക്ക് അന്താരാഷ്‌ട്ര കള്ളനോട്ടു സംഘവുമായി ബന്ധമുണ്ടെന്നാണ് പോലീസിന്റെ സംശയം.
ഇയാൾ കള്ളനോട്ടു സംഘത്തിന്റെപ്രധാന ഇടനിലക്കാരൻ ആണെന്നും സംഘത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ചോദ്യം ചെയ്യലിൽ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്. ഇയാളുടെ പിന്നിൽ വൻ മാഫിയ തന്നെ ഉണ്ടെന്നാണ് ജിഷമോളുടെ മൊഴി.
പിടികൂടിയ കള്ളനോട്ടുകൾ വിദേശത്ത് നിന്നും അച്ചടിച്ചതാണെന്ന സംശയവുമുണ്ട്. അതിനാൽ, ദേശീയ അന്വേഷണ ഏജൻസികളും കേസ് നിരീക്ഷിക്കുനുണ്ട്. കള്ളനോട്ട് കേസിൽ അറസ്‌റ്റിലായ എം ജിഷമോളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.
Most Read: ലൈഫ് മിഷൻ കോഴക്കേസ്; ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും