കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസ് ബദറുദ്ദീന്റെ ബെഞ്ചാണ് ഹരജി പരിഗണിക്കുക. വിചാരണ കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും, രാഷ്‌ട്രീയ പകപോക്കലാണെന്നുമാണ് ശിവശങ്കറിന്റെ ആരോപണം.
ആരോഗ്യാവസ്‌ഥ കണക്കിലെടുത്ത് ജാമ്യം നൽകണമെന്നും ശിവശങ്കർ ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്‌ച ഹരജി ജസ്‌റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചിന് മുന്നിൽ എത്തിയിരുന്നെങ്കിലും, നിരോധന നിയമപ്രകാരമുള്ള കേസ് അല്ലാത്തതിനാൽ പരിഗണിച്ചിരുന്നില്ല. അതേസമയം, റിമാൻഡിൽ കഴിയുന്ന എം ശിവശങ്കറിനെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. നേരത്തെ, ജാമ്യാപേക്ഷ പരിഗണിക്കുന്ന ഘട്ടത്തിൽ തനിക്ക് ചില അസ്വസ്‌ഥ്യതകൾ ഉണ്ടെന്ന് ശിവശങ്കർ കോടതിയെ അറിയിച്ചിരുന്നു. തൊട്ടു പിന്നാലെ കോടതി അതുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷിക്കണമെന്ന് ഇഡിയോട് ആവശ്യപ്പെട്ടിരുന്നു. പിന്നാലെ അദ്ദേഹത്തെ റിമാൻഡ് ചെയ്യുകയായിരുന്നു.
Most Read: ബ്രഹ്‌മപുരത്ത് മൊബൈൽ മെഡിക്കൽ സംഘം ഇന്ന് മുതൽ; കേസ് ഹൈക്കോടതിയിൽ