കൊച്ചി: ബ്രഹ്‌മപുരം തീപിടിത്തം ഉണ്ടായിട്ട് ഇന്നേക്ക് 12 ദിവസം. 95 ശതമാനം പ്രദേശത്തെ തീയും പുകയും അണച്ചെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അഞ്ചു ശതമാനം ഭാഗത്തെ തീ അണയ്‌ക്കാനാനുള്ള ശ്രമം ഇന്നും തുടരും. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളും അഗ്‌നിരക്ഷാ യൂണിറ്റുകളും ഇവിടേക്ക് എത്തിച്ചിട്ടുണ്ട്.
അതേസമയം, തീപിടിത്തത്തിന്റെ പശ്‌ചാത്തലത്തിൽ ആരോഗ്യസേവനം ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളെയും അനുബന്ധ രോഗാവസ്‌ഥകളെയും നിരീക്ഷിക്കുന്നതിനും അടിയന്തിര വൈദ്യ സഹായം ഫീൽഡ് തലത്തിൽ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് മൊബൈൽ യൂണിറ്റുകൾ സജ്‌ജമാക്കുന്നത്.
പ്രദേശത്തെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രഹ്‌മപുരത്തെ അഗ്‌നിബാധയുടെ പശ്‌ചാത്തലത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഡിവിഷൻ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ഹൈക്കോടതി നിയോഗിച്ച വിദഗ്‌ധർ ഉൾപ്പെട്ട നിരീക്ഷണ സമിതി ശനിയാഴ്‌ച വൈകിട്ട് മാലിന്യ പ്ളാന്റ് സന്ദർശിച്ചിരുന്നു.
ഇവരുടെ റിപ്പോർട് ഹൈക്കോടതി ഇന്ന് പരിഗണിക്കും. തദ്ദേശ സ്വയംഭരണ അഡീഷണൽ ചീഫ് സെക്രട്ടറി, ജില്ലാ കളക്‌ടർ, കോർപറേഷൻ സെക്രട്ടറി എന്നിവരോട് എല്ലാ സിറ്റിങ്ങിലും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, വിഷയത്തിൽ ഉമാ തോമസ് എംഎൽഎ നൽകിയ ഹരജിയും ഇന്ന് ഹൈക്കോടതിയുടെ പരിഗണനയിൽ വരുന്നുണ്ട്.
അതിനിടെ, ബ്രഹ്‌മപുരം മാലിന്യ പ്രശ്‌നം ഇന്ന് പ്രതിപക്ഷം നിയമസഭയിൽ സർക്കാരിനെതിരെ ഉന്നയിക്കും. 12 ദിവസമായിട്ടും പുക ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാകാത്തതും സർക്കാരിന്റെ വീഴ്‌ചകളും പറയാനാണ് പ്രതിപക്ഷ നീക്കം. മുഖ്യമന്ത്രിയുടെ മൗനവും ആയുധമാക്കാനാണ് പ്രതിപക്ഷ ശ്രമം. പ്രശ്‌നത്തിൽ ഇനി എടുക്കാൻ പോകുന്ന നടപടികൾ സർക്കാർ സഭയിൽ വിശദീകരിക്കും.
Most Read: ‘കമ്യൂണിസം ലോകം നിരാകരിച്ച ആശയം, കോൺഗ്രസിനെ രാജ്യം പുറംതള്ളി’; അമിത് ഷാ