തൃശൂർ: സംസ്‌ഥാന സർക്കാരിനെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കമ്യൂണിസം ലോകം തന്നെ നിരാകരിച്ച ആശയമാണെന്നും കോൺഗ്രസിനെ രാജ്യം പുറംതള്ളിയെന്നും അമിത് ഷാ വിമർശിച്ചു. കേരളത്തിൽ കോൺഗ്രസും കമ്യൂണിസ്‌റ്റും തമ്മിലടിക്കുമ്പോൾ ത്രിപുരയിൽ ഇവർ ഒറ്റക്കെട്ടാണെന്നും അമിത് ഷാ പരിഹസിച്ചു. തൃശൂരിലെ തേക്കിൻകാട് മൈതാനത്ത് നടന്ന ബിജെപിയുടെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ത്രിപുരയിൽ ജനങ്ങൾ വിജയിപ്പിച്ചത് ബിജെപിയെയാണ്. ഒന്നിച്ചു നിന്നിട്ടും അവർക്ക് ഫലം ലഭിച്ചില്ല. ലോകാരാധ്യനായ മോദിയുടെ ശവക്കുഴി തോണ്ടുമെന്ന് ഒരു കോൺഗ്രസുകാരൻ പറഞ്ഞു. രാഹുൽ ഗാന്ധിയോട് പറയാനുള്ളത്, എത്രത്തോളം മോദിയെ എതിർക്കുന്നുവോ അത്രത്തോളം അദ്ദേഹം ശക്‌തനാകുന്നു എന്നതാണ്. കേരളത്തെ രക്ഷിക്കാൻ വേണ്ടിയാണ് മോദി പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
കേരളത്തിന് വേണ്ടി കേന്ദ്രം അനുവദിച്ച തുകയുടെ കണക്കുകൾ എണ്ണിപ്പറഞ്ഞ അമിത് ഷാ, കോൺഗ്രസും സിപിഎമ്മും ഇത് ചെയ്യില്ലെന്നും അവർ വോട്ട് ബാങ്കിന് പിന്നിലാണെന്നും കുറ്റപ്പെടുത്തി. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ തുടക്കമാണ് ഇന്നത്തെ റാലിയെന്നും കഴിഞ്ഞ ഒമ്പത് കൊല്ലം കൊണ്ട് മോദി രാജ്യത്തെ സുരക്ഷിതമാക്കിയെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. യുപിഎ കാലത്ത് പാക് തീവ്രവാദികൾ അക്രമം നടത്തിയാലും വോട്ട് ബാങ്കിനായി സർക്കാർ മിണ്ടാതിരുന്നു. എന്നാൽ, മോദിയുടെ കാലത്ത് തീവ്രവാദികളുടെ വീട്ടിൽ കയറിയും തിരിച്ചടി നൽകിയെന്നും അമിത് ഷാ ഓർമിപ്പിച്ചു.
ലൈഫ് മിഷനിൽ സർക്കാർ മുങ്ങിയെന്നും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി തന്നെ ഇക്കാര്യത്തിൽ അറസ്‌റ്റിൽ ആയെന്നും അമിത് ഷാ കുറ്റപ്പെടുത്തി. വിഷയത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും സ്വർണക്കടത്ത് കേസിലും സിപിഐഎമ്മിനും സർക്കാരിനും മൗനമാണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. 2024ലെ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഇതിന് മറുപടി പറയിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
Most Read: ബ്രഹ്‌മപുരം തീപിടിത്തം; മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ നാളെ മുതൽ പ്രവർത്തിക്കും