കൊച്ചി: ബ്രഹ്‌മപുരത്ത് തീപിടിത്തത്തിന്റെ പശ്‌ചാത്തലത്തിൽ ആരോഗ്യസേവനം ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ നാളെ മുതൽ പ്രവർത്തനം ആരംഭിക്കും. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളെയും അനുബന്ധ രോഗാവസ്‌ഥകളെയും നിരീക്ഷിക്കുന്നതിനും അടിയന്തിര വൈദ്യ സഹായം ഫീൽഡ് തലത്തിൽ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് മൊബൈൽ യൂണിറ്റുകൾ സജ്‌ജമാക്കുന്നത്.
മാലിന്യത്തിലെ തീപിടിത്തം ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിച്ച ബ്രഹ്‌മപുരത്തേക്ക് ആരോഗ്യ വകുപ്പിന്റെ ഏഴ് മെഡിക്കൽ മൊബൈൽ യൂണിറ്റുകളാണ് എത്തുക. നാളെ മുതൽ രണ്ടു യൂണിറ്റുകളും ചൊവ്വാഴ്‌ചയോടെ അഞ്ചു യൂണിറ്റുകളും പ്രവർത്തനം തുടങ്ങും. പ്രദേശത്തെ ശ്വാസകോശ രോഗങ്ങളുടെ നിരീക്ഷണം, ചികിൽസ ഉറപ്പാക്കൽ, വിദഗ്‌ധ ചികിൽസ ആവശ്യമുള്ളവരെ റഫർ ചെയ്യൽ എന്നിവയാണ് മൊബൈൽ യൂണിറ്റുകളുടെ ദൗത്യം.
ഡോക്‌ടർ, നഴ്‌സ്, അസിസ്‌റ്റന്റ്, അടിയന്തിര ചികിൽസാ സംവിധാനങ്ങൾ എന്നിവ മൊബൈൽ യൂണിറ്റുകളിൽ ഉണ്ടാവും. പ്രശ്‌നങ്ങൾ അറിയിക്കാനുള്ള മൊബൈൽ റിപ്പോർട്ടിങ് സെന്ററുകളായും ഇവയെ ഉപയോഗപ്പെടുത്താം.
നാളെ മൊബൈൽ മെഡിക്കൽ യൂണിറ്റ് എത്തുന്ന സ്‌ഥലവും സമയവും
രാവിലെ 9.30 മുതൽ 11 വരെ: ചമ്പക്കര എസ്എൻഡിപി ഹാൾ, വെണ്ണല അർബൻ പിഎച്ച്സി
രാവിലെ 11 മുതൽ 12.30 വരെ: വൈറ്റില കണിയാമ്പുഴ ഭാഗം
ഉച്ചക്ക് 12.30 മുതൽ 2 വരെ: തമ്മനം കിസാൻ കോളനി
ഉച്ചക്ക് 1.30 മുതൽ 2.30 വരെ: എറണാകുളം പി ആൻഡ് ടി കോളനി
ഉച്ചക്ക് 2.30 മുതൽ 4.30 വരെ: പൊന്നുരുന്നി അർബൻ പിഎച്ച്സിക്ക് സമീപം
വൈകിട്ട് 3 മുതൽ 4.30 വരെ: ഉദയ കോളനി
Most Read: സംസ്‌ഥാനങ്ങളിൽ ലോഡ് ഷെഡിങ് പ്രഖ്യാപിക്കരുതെന്ന് കേന്ദ്രം