ആലപ്പുഴ: എസ്എഫ്ഐ കായംകുളം ഏരിയാ സെക്രട്ടറി നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രിയുമായി ബന്ധപ്പെട്ട വിവാദത്തിൽ നടപടി തുടങ്ങി പോലീസ്. ഇന്ന് രാവിലെ കായംകുളം എംഎസ്എം കോളജ് പ്രിൻസിപ്പലിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. കായംകുളം എംഎസ്എം കോളജ് രണ്ടാം വർഷ എംകോം വിദ്യാർഥിയാണ് നിഖിൽ. എംകോം പ്രവേശനത്തിന് നിഖില്‍ തോമസ് സമര്‍പ്പിച്ച ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് പരാതി.
കെഎസ്‌യു ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് നടപടി. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് രജിസ്‌റ്റർ ചെയ്യാനാണ് തീരുമാനം. വ്യാജരേഖ കേസിൽ വഞ്ചനക്ക് ഇരയായവരുടെ പരാതിയിലേ കേസെടുക്കാനാകൂവെന്ന നിലപാടിലാണ് പോലീസ്. ഈ സാഹചര്യത്തിലാണ് പ്രിൻസിപ്പലിന്റെ മൊഴിയെടുക്കുന്നത്. അതിനിടെ, വ്യാജ ഡിഗ്രി ഹാജരാക്കിയ സംഭവത്തിൽ കായംകുളം എംഎസ്എം കോളേജിലേക്ക് ഇന്ന് പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ പ്രതിഷേധ മാർച്ചും നടത്തുന്നുണ്ട്.
കായംകുളത്തെ എസ്എഫ്ഐ നേതാവിന്റെ വ്യാജ ഡിഗ്രി സംബന്ധിച്ച വിവരങ്ങൾ മറച്ചുവെച്ചു കോളേജ് അധികൃതരും തട്ടിപ്പിന് കൂട്ടുനിന്നെന്നാണ് വിദ്യാർഥി സംഘടനകൾ ആരോപിക്കുന്നത്. സ്വകാര്യ വിവരങ്ങൾ പുറത്തു വിടാനാവില്ലെന്ന് കാണിച്ചു ആർടിഐ പ്രകാരം നൽകിയ അപേക്ഷകൾ രണ്ടു തവണ മാനേജ്‌മെന്റ് തള്ളിയിരുന്നു.
2018- 2020 കാലഘട്ടത്തിലാണ് നിഖിൽ തോമസ് കായംകുളം എംഎസ്എം കോളേജില്‍ ബികോം ചെയ്‌തത്. എന്നാല്‍ ഡിഗ്രി പാസാകാൻ നിഖിലിന് സാധിച്ചില്ല. ഈ കാലത്ത് 2019 ൽ കായംകുളം എംഎസ്എം കോളേജിൽ യുയുസിയും 2020ല്‍ സര്‍വകലാശാല യൂണിയന്‍ ജോയിന്റ് സെക്രട്ടറിയുമായിരുന്നു നിഖിൽ. ഡിഗ്രി തോറ്റ നിഖിൽ പക്ഷെ 2021ല്‍ കായംകുളം എംഎസ്എം കോളേജിൽ തന്നെ എംകോമിന് ചേര്‍ന്നു. പ്രവേശനത്തിനായി 2019- 2021 കാലത്തെ കലിംഗ സര്‍വകലാശാലയിലെ ഡിഗ്രി സര്‍ട്ടിഫിക്കറ്റാണ് നിഖിൽ ഹാജരാക്കിയത്.
മൂന്ന് മാസം മുൻപാണ് നിഖിലിനെതിരെ പരാതി ഉയർന്നത്. പരാതിക്കാരി എംഎസ്എം കോളേജിൽ നിഖിലിന്റെ ജൂനിയർ വിദ്യാർഥിയുമാണ്. അതിനിടെ, എസ്എഫ്ഐ കായംകുളം ഏരിയാ സെക്രട്ടറിക്കെതിരെ ഉള്ള വിവാദത്തിൽ സിപിഐഎം നേതൃത്വം ഇടപെട്ടിരുന്നു. ആരോപണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചേർന്ന സിപിഎം ഫ്രാക്ഷൻ യോഗം നിഖിലിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയ ശേഷം എസ്എഫ്ഐ ജില്ലാ കമ്മിറ്റിയിൽ നിന്നും നീക്കാൻ നിർദേശം നൽകുകയായിരുന്നു.
Most Read: മോൻസൻ മാവുങ്കൽ സാമ്പത്തിക തട്ടിപ്പ് കേസ്; പരാതിക്കാരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും