ബ്യൂനസ് ഐറിസ്: 2026 ലോകകപ്പിനുള്ള സൗത്ത് അമേരിക്കൻ യോഗ്യതാ മൽസരത്തിൽ ബൊളീവിയയെ തകർത്ത് അർജന്റീനയ്‌ക്ക് തകർപ്പൻ ജയം. എതിരില്ലാത്ത ആറ് ഗോളുകൾക്കായിരുന്നു ജയം. ക്യാപ്റ്റൻ ലയണൽ മെസ്സി ഹാട്രിക്കുമായി കളംനിറഞ്ഞ മൽസരത്തിൽ ലൗട്ടാരോ മാർട്ടിനെസ്, യൂലിയൻ അൽവാരസ്, തിയാഗോ അൽമാഡ എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്.
രണ്ട് ഗോളുകൾക്ക് അസിസ്‌റ്റ് നൽകിയതും മെസ്സി തന്നെ. ജൂലൈയിലെ കോപ്പ അമേരിക്കയ്‌ക്ക് ശേഷം പരിക്ക് മാറി തിരിച്ചെത്തിയ മെസ്സിയുടെ രണ്ടാമത്തെ രാജ്യാന്തര മൽസരത്തിലാണ് മിന്നും പ്രകടനം. 19ആം മിനിറ്റിൽ മെസ്സിയിലൂടെയാണ് അർജന്റീന ഗോൾവേട്ടയ്‌ക്ക് തുടക്കമിട്ടത്. മാർട്ടിനെസ് നൽകിയ പന്ത് മെസ്സി അനായാസം ഗോളാക്കി മാറ്റുകയായിരുന്നു.
രണ്ടാംപകുതിയിൽ 84, 86 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകൾ. 43ആം മിനിറ്റിൽ ലൗട്ടാരോ മാർട്ടിനെസും 43+5 മിനിറ്റിൽ യൂലിയൻ അൽവാരസും അടിച്ച ഗോളുകൾക്ക് അസിസ്‌റ്റ് നൽകിയതും മെസ്സി തന്നെ. 70ആം മിനിറ്റിൽ സബ്‌സിറ്റിറ്റ്യൂട്ട് അൽമാഡയാണ് അർജന്റീനയുടെ മറ്റൊരു ഗോൾവേട്ടക്കാരൻ.
അതേസമയം, മറ്റൊരു യോഗ്യതാ മൽസരത്തിൽ പെറുവിനെ ബ്രസീൽ 4.0ന് തോൽപ്പിച്ചു. നിലവിൽ പോയിന്റ് പട്ടികയിൽ കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീനയാണ് മുന്നിൽ. പത്ത് മൽസരങ്ങളിൽ 22 പോയിന്റാണ് ടീമിനുള്ളത്. ഇത്രയും മൽസരങ്ങളിൽ 19 പോയിന്റുള്ള കൊളംബിയ രണ്ടാം സ്‌ഥാനത്താണ്. 16 പോയിന്റുമായി ഉറുഗ്വെയാണ് മൂന്നാമത്. 2026 ലോകകപ്പിന് അമേരിക്കയും മെക്‌സിക്കോയും കാനഡയുമാണ് ആതിഥേയത്വം വഹിക്കുന്നത്.
Most Read| രണ്ട് തലയും ഒരു ഉടലും; അപൂർവ രൂപത്തിലുള്ള പശുക്കുട്ടിയെ കാണാൻ ജനത്തിരക്ക്