കുവൈത്ത് സിറ്റി: കുവൈത്തിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 41 പേർ മരിച്ചതായി റിപ്പോർട്. ഒട്ടേറെ പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. മരിച്ചവരിൽ രണ്ടു മലയാളികളും ഒരു തമിഴ്‌നാട് സ്വദേശിയും ഉൾപ്പടെ ഒട്ടേറെ ഇന്ത്യക്കാർ ഉണ്ടെന്നാണ് സൂചന. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. പരിക്കേറ്റവരിൽ ഏഴുപേരുടെ നില ഗുരുതരമാണ്.
രാജ്യത്തെ ഔദ്യോഗിക മാദ്ധ്യമമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. കുവൈത്തിലെ മംഗെഫില്ലിലെ കെട്ടിടത്തിനാണ് തീപിടിച്ചത്. ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. മംഗെഫ് ബ്ളോക്ക് നാലിൽ തൊഴിലാളികൾ താമസിക്കുന്ന എൻബിടിസി ഫ്‌ളാറ്റിലാണ് തീപിടിത്തം ഉണ്ടായത്. മലയാളികൾ ഉൾപ്പടെ 195 പേരാണ് ഫ്ളാറ്റിൽ താമസിച്ചിരുന്നത്.
ഒരേ കമ്പനിയിലെ തൊഴിലാളികളായിരുന്നു ഇവർ. സഹായവുമായി ആരോഗ്യവകുപ്പ് രംഗത്തുണ്ടെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സൂചന. ഇവിടുത്തെ സുരക്ഷാ ജീവനക്കാരന്റെ മുറിയിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.
ഫ്‌ളാറ്റുകളിൽ നിന്ന് ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും പുക ശ്വസിച്ചുമാണ് മിക്കവർക്കും പരിക്കേറ്റത്. പരിക്കേറ്റവർ മുബാറക്, അദാൻ, ജുബൈർ തുടങ്ങിയ ആശുപത്രികളിൽ ചികിൽസയിലാണ്. നിലവിൽ തീ നിയന്ത്രണ വിധേയമാക്കി. പരിക്കേറ്റവരെ പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നുണ്ട്. സംഭവ സ്‌ഥലം പോലീസിന്റെ സുരക്ഷാ വലയത്തിലാണ്. ഗതാഗതം വഴിതിരിച്ചു വിടുന്നുണ്ട്.
അതേസമയം, തീപിടിത്തത്തിന്റെ നിരവധി പേർ മരിച്ച സാഹചര്യത്തിൽ, കെട്ടിട ഉടമയെയും കെട്ടിടത്തിന്റെ കാവൽക്കാരനെയും അറസ്‌റ്റ് ചെയ്യാൻ കുവൈത്ത് ആഭ്യന്തരമന്ത്രി ഫഹദ് അൽ യൂസഫ് അൽ സബാഹ് ഉത്തരവിട്ടു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചാണ് കെട്ടിടത്തിൽ ഇത്രയും പേരെ താമസിപ്പിച്ചതെന്ന് കണ്ടെത്തിയതിന്റെ പശ്‌ചാത്തത്തിലാണ് ഉത്തരവ്.
Most Read| ലോക്‌സഭാ സമ്മേളനം 24 മുതൽ; സ്‌പീക്കറെ തിരഞ്ഞെടുക്കും, എംപിമാരുടെ സത്യപ്രതിജ്‌ഞയും