കുവൈത്ത് സിറ്റി: കുവൈത്ത് മംഗഫിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. തീപിടിത്തത്തിൽ മലയാളികൾ അടക്കം 49 മരണം സ്ഥിരീകരിച്ചു. പേരുകൾ പരിശോധിച്ചതിൽ നിന്ന് 25 പേർ മലയാളികളായിരിക്കാം എന്നാണ് സൂചന. മൂന്ന് മലയാളികളെ തിരിച്ചറിഞ്ഞു.
കൊല്ലം ഓയൂർ സ്വദേശി ഉമറുദ്ദീൻ ഷമീർ (33), പന്തളം സ്വദേശി ആകാശ് ശശിധരൻ നായർ (23), കാസർഗോഡ് കുണ്ടടുക്കം സ്വദേശി രഞ്ജിത് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഷിബു വർഗീസ്, തോമസ് ജോസഫ്, പ്രവീൺ മാധവ് സിങ്, ലൂക്കോസ് വടക്കോട്ട് ഉണ്ണുണ്ണി, ഭൂനാഥ് റിച്ചാർഡ് റോയ് ആനന്ദ, കേളു പൊൻമലേരി, സ്റ്റീഫൻ ഏബ്രഹാം സാബു, അനിൽ ഗിരി, മുഹമ്മദ് ഷെരീഫ് ഷെരീഫ, സാജു വർഗീസ്, ദ്വാരികേഷ് പട്ടനായക്, പിവി മുരളീധരൻ, വിശ്വാസ് കൃഷ്ണൻ, അരുൺ ബാബു, സാജൻ ജോർജ്, റെയ്മണ്ട് മഗ് പന്തയ് ഗഹോൽ, ജീസസ് ഒലിവറോസ് ലോപ്സ്, ഡെന്നി ബേബി കരുണാകരൻ എന്നിവരാണ് മരിച്ച ഇന്ത്യക്കാർ. ഇവരുടെ മറ്റു വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ.
ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന 35 പേരിൽ ഏഴ് പേരുടെ നില ഗുരുതരമാണ്. അഞ്ചുപേർ വെന്റിലേറ്ററിലാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അപകടത്തിൽപ്പെട്ടവരെ കുറിച്ച് ബന്ധുക്കൾക്ക് വിവരങ്ങൾ കൈമാറാൻ സ്ഥാനപതി കാര്യാലയം ഹെൽപ്പ് ലൈൻ ആരംഭിച്ചിട്ടുണ്ട്. നമ്പർ- +965- 65505246. അതേസമയം, സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും അനുശോചനം രേഖപ്പെടുത്തി.
രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഇന്ത്യൻ എംബസിക്ക് ആവശ്യമായ നിർദ്ദേശങ്ങൾ അടിയന്തിരമായി നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. അതിനിടെ, വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് കുവൈത്തിലേക്ക് പുറപ്പെട്ടു. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് യാത്ര. മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ കാലതാമസമില്ലാതെ നാട്ടിലെത്തിക്കാൻ മന്ത്രി ഇടപെടും. തീപിടിത്തത്തിൽ പരിക്കേറ്റവർക്കുള്ള സഹായത്തിന് മേൽനോട്ടവും വഹിക്കും.
ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. മംഗെഫ് ബ്ളോക്ക് നാലിൽ തൊഴിലാളികൾ താമസിക്കുന്ന എൻബിടിസി ഫ്ളാറ്റിലാണ് തീപിടിത്തം ഉണ്ടായത്. മലയാളികൾ ഉൾപ്പടെ 195 പേരാണ് ഫ്ളാറ്റിൽ താമസിച്ചിരുന്നത്. ഒരേ കമ്പനിയിലെ തൊഴിലാളികളായിരുന്നു ഇവർ. ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സൂചന. ഇവിടുത്തെ സുരക്ഷാ ജീവനക്കാരന്റെ മുറിയിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.
ഫ്ളാറ്റുകളിൽ നിന്ന് ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും പുക ശ്വസിച്ചുമാണ് മിക്കവർക്കും പരിക്കേറ്റത്. പരിക്കേറ്റവർ മുബാറക്, അദാൻ, ജുബൈർ തുടങ്ങിയ ആശുപത്രികളിൽ ചികിൽസയിലാണ്. അതേസമയം, തീപിടിത്തത്തിന്റെ നിരവധി പേർ മരിച്ച സാഹചര്യത്തിൽ, കെട്ടിട ഉടമയെയും കെട്ടിടത്തിന്റെ കാവൽക്കാരനെയും അറസ്റ്റ് ചെയ്യാൻ കുവൈത്ത് ആഭ്യന്തരമന്ത്രി ഫഹദ് അൽ യൂസഫ് അൽ സബാഹ് ഉത്തരവിട്ടു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചാണ് കെട്ടിടത്തിൽ ഇത്രയും പേരെ താമസിപ്പിച്ചതെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തത്തിലാണ് ഉത്തരവ്.
Most Read| പ്രകൃതിയുടെ വരദാനമായി ‘ലവ് ടണൽ’; മരങ്ങളാൽ ചുറ്റപ്പെട്ട തുരങ്കം യുക്രൈനിൽ