കോഴിക്കോട്: ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ് നൽകിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ ആശുപത്രിയിൽ അഡ്മിറ്റായതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിഎം രവീന്ദ്രൻ ഇഡിക്ക് മുന്നിൽ ഹാജരായാൽ പല ഉന്നതരും കുടുങ്ങുമെന്നും അതുകൊണ്ടാണ് ഇഡിയുടെ നോട്ടീസ് കിട്ടുമ്പോഴെല്ലാം അദ്ദേഹത്തിന് അസുഖം വരുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
സിഎം രവീന്ദ്രനും ഭീഷണിയുണ്ട്. അദ്ദേഹത്തിന് സുരക്ഷ നൽകാനും എയിംസിലെ ഉന്നത മെഡിക്കൽ സംഘത്തെ കൊണ്ട് അദ്ദേഹത്തെ പരിശോധിപ്പിക്കാനും സർക്കാർ തയ്യാറാവണമെന്നും ചെന്നിത്തല കോഴിക്കോട്ട് ആവശ്യപ്പെട്ടു.
സ്വർണക്കടത്ത് കേസ് അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതാണ്. ഉന്നതരുടെ പേര് വെളിപ്പെടുത്തിയാൽ കൊലപ്പെടുത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തണം. റിവേഴ്സ് ഹവാല കേസിലെ ഉന്നതൻ ആരാണെന്ന് വെളിപ്പെടുത്താൻ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാം തവണയും ഇഡിയുടെ നോട്ടീസ് കിട്ടിയതിന് പിന്നാലെ സിഎം രവീന്ദ്രൻ ആശുപത്രിയിൽ ചികിൽസ തേടിയത് പ്രതിപക്ഷത്തിന്റെ രൂക്ഷ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. കോവിഡിന് ശേഷം തനിക്ക് തലവേദനയും കടുത്ത ക്ഷീണവും അടക്കമുള്ള പ്രശ്നങ്ങള്‍ ഉണ്ടെന്നു പറഞ്ഞാണ് സിഎം രവീന്ദ്രൻ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായത്.
അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ഇതുവരെ സിഎം രവീന്ദ്രൻ അറിയിച്ചിട്ടില്ലെന്നാണ് ഇഡി വൃത്തങ്ങൾ നൽകുന്ന സൂചന. മാദ്ധ്യമങ്ങളിലൂടെയാണ് അദ്ദേഹം ആശുപത്രിയിൽ അഡ്മിറ്റ് ആയ വിവരം അറിഞ്ഞതെന്നും സമയം നീട്ടി ചോദിച്ചാൽ തുടർ നടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്നും ഇഡി വൃത്തങ്ങൾ വ്യക്തമാക്കി.
Also Read: ‘ശബരിമല വിശ്വാസ സംരക്ഷണത്തിന് പ്രത്യേക നിയമം കൊണ്ടുവരും’; എംഎം ഹസൻ







































