കോഴിക്കോട്: അനധികൃതമായി മദ്യം കടത്തിയ ആളെ തിരുവമ്പാടിയില്‍ പോലീസ് അറസ്റ്റ് ചെയ്തു. ബ്ളാക്ക് ജോൺസൺ എന്ന് വിളിക്കുന്ന പ്ളാത്തോട്ടത്തിൽ ജോൺസണെയാണ് തിരുവമ്പാടി പോലീസ് പിടികൂടിയത്.
വിൽപനക്കായി 17 കുപ്പി മദ്യം അനധികൃതമായി കടത്തിക്കൊണ്ട് പോകുന്നതിനിടെ കൂടരഞ്ഞി റോഡിൽ വെച്ചാണ് ഇയാൾ പോലീസിന്റെ വലയിലായത്. തോട്ടുമുക്കം, പനം പിലാവ് മേഖലകളില്‍ ഇയാൾ വ്യാപകമായി ബിവറേജ് മദ്യം വിറ്റിരുന്നു.
ബിവറേജിൽ നിന്നാണ് പിടിച്ചെടുത്ത മുഴുവൻ കുപ്പികളും വാങ്ങിയതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സമാന കുറ്റത്തിന് ഇതിന് മുമ്പും പ്രതിയെ എക്സൈസ് വകുപ്പും പോലീസും അറസ്റ്റ് ചെയ്തിട്ടുണ്ട്.
തിരുവമ്പാടി എസ്ഐ സുധീറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്ഐ കുമാരൻ കെഎൻ , സിപിഒ അനീസ്, രാംജിത്ത് , സ്വപ്നേഷ് എന്നിവരാണ് പ്രതി ജോൺസണെ പിടികൂടിയത്. എസ്ഐ സുധീറിന്റെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ നടക്കുന്ന ഈ ആഴ്ചയിലെ മൂന്നാമത്തെ മദ്യ വേട്ടയാണിത്. നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് പ്രദേശത്ത് അബ്കാരി റെയ്ഡ് നടക്കുന്നത്. നിലവിലെ സാഹചര്യത്തിൽ അബ്കാരി റെയ്ഡ് ഇനിയും തുടരുമെന്ന് പോലീസ് വ്യക്തമാക്കി.
Malabar News: മാഹിയിൽ വാഹന പരിശോധനക്കിടെ സ്വർണം പിടികൂടി







































