ഡെൽഹി: നാടകീയ മുഹൂർത്തങ്ങളുടെ അവസാനം ബിഹാർ എൻഡിഎ നേടി. എൻഡിഎ സഖ്യം 125 സീറ്റിൽ വിജയം ഉറപ്പിച്ചപ്പോൾ മഹാസഖ്യവും (110) മറ്റുള്ളവർ 08 ഉമായി 118 സീറ്റുകളിൽ ഒതുങ്ങി. പുലർച്ച 5 മണിയോടെയാണ് സമ്പൂർണ്ണ ഫലം തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. ബിജെപി 74 സീറ്റുകളിൽ വിജയം ഉറപ്പിച്ചപ്പോൾ എൻഡിഎ സഖ്യ കക്ഷികളായ ജെഡിയു 43 സീറ്റിലും ഹിന്ദുസ്‌ഥാനി ആവാം മോർച്ച 4 സീറ്റിലും വികാഷീൽ ഇൻസാൻ പാർട്ടി 4 സീറ്റിലുമായി ആകെ 125 സീറ്റ് നേടി ഭരണത്തുടർച്ച ഉറപ്പ് വരുത്തി. 243 സീറ്റിൽ 122 സീറ്റാണ് ഭരണത്തിലെത്താൻ വേണ്ടിയിരുന്നത്. അതും കടന്ന് 3 പ്ളസ് ചെയ്‌തു എൻഡിഎ.
മഹാസഖ്യത്തിലെ ആർജെഡി 75 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി, ഇന്ത്യൻ നാഷണൽ കോൺഗ്രസ് 19 സീറ്റിലും സിപിഎ (എംഎൽ) 12 സീറ്റിലും സിപിഎം 2 സീറ്റിലും സിപിഐ 2 സീറ്റിലുമായി മൊത്തം 110 സീറ്റിൽ വിജയം ഉറപ്പിച്ചു. ഭരണം നിലനിർത്തിയെങ്കിലും ബിജെപി ആഗ്രഹിച്ചതു പോലെ നിതീഷ് കുമാറിന്റെ ജെഡിയുവിന് തിരഞ്ഞെടുപ്പിൽ നിറംമങ്ങി. 43 സീറ്റിലേക്ക് ഒതുങ്ങി.
മറ്റുള്ളവർ 08 ഇടങ്ങളിൽ വിജയം ഉറപ്പിച്ചു. അസദുദ്ദിൻ ഒവൈസിയുടെ എഐഎംഐഎം 05 സീറ്റും സ്വതന്ത്രൻ 01 സീറ്റും ബിഎസ്‍പിയും എൽജെപിയും ഓരോ സീറ്റ് വീതവും വിജയം കണ്ടു. ആർഎൽഎസ്‌പി എവിടെയും വിജയിച്ചിട്ടില്ല.
നിതീഷിനോട് ഇടഞ്ഞ് എൻഡിഎ വിട്ട് 137 സീറ്റുകളിൽ ഒറ്റക്ക് മൽസരിച്ച ചിരാഗ് പാസ്വാന്റെ എൽജെപി ഒറ്റ സീറ്റിലൊതുങ്ങി. നിലവിലെ സാഹചര്യത്തിൽ നിതീഷ് കുമാറിന്റെ സഹായത്തോടെ മാത്രമെ ബിഹാറിൽ ബിജെപിക്ക് അധികാരത്തിലെത്താൻ സാധിക്കു എന്നതാണ് സ്‌ഥിതി.
ബിജെപിയുടെ നിർദേശപ്രകാരമാണ് അസദുദ്ദീൻ ഒവൈസി വോട്ട് വിഘടിപ്പിച്ചെന്നാണ് ഈ തിരഞ്ഞെടുപ്പിൽ ഉയരുന്ന അടിസ്‌ഥാനമുള്ള ആരോപണം. എഴുതിതള്ളാൻ കഴിയില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇടതുകക്ഷികൾ 16 സീറ്റിൽ വിജയം നേടിയതാണ് ബീഹാറിലെ ഈ തിരഞ്ഞെടുപ്പ് നൽകുന്ന ഏറ്റവും നല്ലപാഠം.
Most Read: ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച അസദുദ്ദീന്‍ ഒവൈസിക്കെതിരെ വിമർശനം







































