ടെഹ്റാൻ: നാവിക ഉപരോധം ഏർപ്പെടുത്തുമെന്ന അമേരിക്കയുടെ ഭീഷണി തള്ളി ഇറാൻ. യുഎസിന്റെ നീക്കം കടൽക്കൊള്ളയാണെന്നാണ് ഇറാൻ സായുധ സേനയുടെ വിമർശനം. ഇറാൻ തുറമുഖങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായാൽ ഗൾഫിലോ ഒമാൻ ഉൾക്കടലിലോ ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്നും ഐആർജിസി വക്‌താവ് മുന്നറിയിപ്പ് നൽകി.
ഈ നീക്കത്തെ നിയമവിരുദ്ധമെന്നും കടൽക്കൊള്ളയെന്നുമാണ് ഇറാൻ സായുധസേന വിശേഷിപ്പിച്ചിരിക്കുന്നത്. ഹോർമുസ് കടലിടുക്ക് ഉപരോധിക്കാനുള്ള യുഎസ് ഭീഷണി മറികടക്കാൻ ഇറാൻ ‘സ്‌ഥിരം സംവിധാനം’ നടപ്പിലാക്കുമെന്നും ഐആർജിസി വക്‌താവ് അറിയിച്ചു.
ഇറാനിയൻ തുറമുഖങ്ങളിൽ പ്രവേശിക്കുകയോ പുറത്തുകടക്കുകയോ ചെയ്യുന്ന കപ്പലുകൾക്ക് ഉപരോധം ഏർപ്പെടുത്താനാണ് യുഎസ് നീക്കം. ഇറാനിയൻ തുറമുഖങ്ങൾക്കും ഉപരോധമുണ്ട്. ഇസ്‌ലാമാബാദിൽ നടന്ന സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് യുഎസ് പ്രസിഡണ്ട് ഇറാനുമേലുള്ള പുതിയ നാവിക ഉപരോധം പ്രഖ്യാപിച്ചത്.
തിങ്കളാഴ്‌ച രാവിലെ പത്തുമണിമുതൽ ഇത് പ്രാബല്യത്തിൽ വരുത്തുമെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിക്കുകയും ചെയ്‌തിട്ടുണ്ട്. ഇറാനിയൻ തുറമുഖങ്ങളിൽ പ്രവേശിക്കുകയോ പുറത്തുപോവുകയോ ചെയ്യുന്ന എല്ലാ രാജ്യങ്ങളുടെയും കപ്പലുകൾക്കെതിരെ ഈ ഉപരോധം നിഷ്‌പക്ഷമായി നടപ്പാക്കും. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇറാനിയൻ തുറമുഖങ്ങളിൽ നിന്നല്ലാത്ത കപ്പലുകളെ തടയില്ലെന്നും യുഎസ് സേന അറിയിച്ചിട്ടുണ്ട്.
ഹോർമുസ് കടലിന്റെ നിയന്ത്രണം, ആണവ വിഷയം ഉൾപ്പടെയുള്ള കാര്യങ്ങളിൽ തീരുമാനം ആവാത്തതിനെ തുടർന്നാണ് യുഎസ്-ഇറാൻ ചർച്ച പരാജയപ്പെട്ടത്. പാക്കിസ്‌ഥാന്റെ മധ്യസ്‌ഥതയിൽ ഇസ്‌ലാമാബാദിൽ 21 മണിക്കൂറോളം നീണ്ടുനിന്ന മാരത്തൺ ചർച്ചയാണ് ഫലം കാണാതെ അവസാനിച്ചത്. യുഎസിന്റെ കടുത്ത നിലപാടുകളാണ് ചർച്ച പരാജയപ്പെടാൻ കാരണമെന്നാണ് ഇറാന്റെ പ്രതികരണം. ഹോർമുസ്, ആണവ വിഷയങ്ങളിൽ യുഎസിന്റെ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്ന് ഇറാൻ വ്യക്‌തമാക്കി.
Most Read| കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് ഭൂമിക; ഇന്നവൾ ഫാഷൻ ലോകത്തെ മിന്നും താരം








































