ഷാര്‍ജ: തുടക്ക സമയം ആയതിനാല്‍ ഐപിഎല്ലില്‍ പരീക്ഷണങ്ങള്‍ക്ക് പറ്റിയ സമയമാണിതെന്ന് കരുതുന്നതായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം എസ് ധോണി. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ 16 റണ്‍സിന് സിഎസ്‌കെ പരാജയപ്പെട്ടതിന് പിന്നാലെ ഏറ്റവും കൂടുതല്‍ ചോദ്യം ഉയര്‍ന്നത് ധോണിയുടെ ബാറ്റിങ് ഓര്‍ഡറിനെ കുറിച്ചായിരുന്നു. മത്സരത്തില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെ ഇറങ്ങാത്തതിന് ക്യാപ്റ്റന്‍ കൂള്‍ നിരവധി വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങിയത്.
എന്നാല്‍ ഇപ്പോഴിതാ രാജസ്ഥാനെതിരായ മത്സരത്തില്‍ എന്തുകൊണ്ടാണ് നേരത്തെ ബാറ്റിങ്ങിന് ഇറങ്ങാതിരുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ധോണി. മാച്ച് പ്രസന്റേഷന്‍ സമയത്താണ് ധോണി തന്റെ മനസ്സ് തുറന്നത്.
Related News: സഞ്ജുഡാ..74(32); ‘രാജ’ സ്ഥാന് മുന്നില്‍ മുട്ടുമടക്കി ചെന്നൈ
താന്‍ ഏറെക്കാലമായി ബാറ്റ് ചെയ്തിട്ടില്ലെന്നും 14 ദിവസത്തെ ക്വാറന്റീനും തനിക്ക് ഗുണകരമല്ലായിരുന്നു എന്നും ധോണി വ്യക്തമാക്കി. ടീമെന്ന നിലയില്‍ പല കാര്യങ്ങളും പരീക്ഷിക്കുവാന്‍ കഴിയുന്ന സമയം ആണെന്നും സാം കറനെ ടോപ് ഓര്‍ഡറില്‍ പരീക്ഷിച്ചത് അത്തരത്തില്‍ ഒന്നാണെന്നും ധോണി വിശദമാക്കി. അതേസമയം സാം കറനെ ടോപ് ഓര്‍ഡറില്‍ പരീക്ഷിച്ചത് ഫലം കണ്ടില്ലെന്നും ധോണി കൂട്ടിച്ചേര്‍ത്തു.
മുംബൈക്കെതിരായ മത്സരത്തില്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച സാം കറാനായിരുന്നു മത്സരം സിഎസ്‌കെക്ക് അനുകൂലമാക്കിയത്. എന്നാല്‍ രാജസ്ഥാന് എതിരായ മത്സരത്തില്‍ സാം പെട്ടെന്ന് മടങ്ങിയതോടെ ചെന്നൈയുടെ കണക്കുകൂട്ടലുകള്‍ പിഴക്കുകയായിരുന്നു. അതേസമയം രാജസ്ഥാന്റെ പ്രകടനത്തെയും ധോണി അഭിനന്ദിച്ചു.
Read Also: ജോസഫിന്റെ തമിഴ് പതിപ്പൊരുങ്ങുന്നു: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്