ന്യൂഡെൽഹി: ഇറ്റാലിയൻ എണ്ണക്കപ്പൽ എൻറിക്ക ലെക്സിയിലെ നാവികരുടെ വെടിയേറ്റു രണ്ട് മൽസ്യ തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യത്തുള്ള കേസ് നടപടികൾ തീർപ്പാക്കാനുള്ള സുപ്രീം കോടതി ഉത്തരവ് ഇന്ന്. ജസ്റ്റിസ് ഇന്ദിര ബാനര്‍ജി അധ്യക്ഷയായ ബെഞ്ചാണ് ഉത്തരവ് പറയുന്നത്.
നഷ്ടപരിഹാരമായി പത്ത് കോടി രൂപ ഇറ്റലി കെട്ടിവച്ച സാഹചര്യത്തില്‍ കേസ് നടപടികള്‍ അവസാനിപ്പിക്കാമെന്ന് കോടതി കഴിഞ്ഞതവണ സൂചന നല്‍കിയിരുന്നു. നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിന്റെ മേൽനോട്ടം ഹൈക്കോടതി വഹിക്കട്ടെ എന്ന നിലപാടിലാണ് സുപ്രീം കോടതി. ഇക്കാര്യത്തിലും നിർദേശം ഉണ്ടാകും.
വെടിവെപ്പിൽ കൊല്ലപ്പെട്ട മൽസ്യ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നാല് കോടി വീതവും, ബോട്ട് ഉടമയ്ക്ക് രണ്ട് കോടി രൂപയുമാണ് നഷ്ടപരിഹാരം ലഭിക്കുക. 2012 ഫെബ്രുവരി 15നാണ് കേരളതീരത്ത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ വെടിവെപ്പ് ഉണ്ടായത്. നീണ്ടകര മൂതാക്കരയിലെ ജെലസ്റ്റിന്‍ വാലന്റൈൻ (44), തമിഴ്നാട് കുളച്ചല്‍ സ്വദേശി രാജേഷ് പിങ്കി (22) എന്നീ രണ്ട് മൽസ്യ തൊഴിലാളികളാണ് അന്ന് കൊല്ലപ്പെട്ടത്. എൻറിക്ക ലെക്സി കപ്പലിലെ ഇറ്റാലിയൻ നാവികസേന ഉദ്യോഗസ്ഥരുടെ വെടിയേറ്റാണ് ഇരുവരും കൊല്ലപ്പെട്ടത്.
Read also: പത്തനാപുരത്തെ ബോംബ് ശേഖരം; അന്വേഷണത്തിന് കേന്ദ്ര ഇന്റലിജൻസും







































