തിരുവനന്തപുരം: കെ റെയിൽ അതിരടയാള കല്ലുകൾ സ്‌ഥാപിക്കുന്നതിന് എതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആര് പറഞ്ഞിട്ടാണ് അതിരടയാള കല്ലുകൾ സ്‌ഥാപിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. പരസ്‌പര ബന്ധമില്ലാതെയാണ് വിവിധ വകുപ്പുകൾ മറുപടി നൽകുന്നത്. സിൽവർ ലൈൻ വിഷയത്തിൽ ഡാറ്റാ കൃത്രിമം നടന്നു. സിൽവർ ലൈൻ കല്ലിടലിൽ ദുരൂഹത തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി സജി ചെറിയാൻ ബഫർ സോൺ ഇല്ല എന്ന് പറഞ്ഞു, കെ റെയിൽ കോർപ്പറേഷൻ എംഡി ബഫർ സോൺ ഉണ്ടെന്ന് പറഞ്ഞു, മുഖ്യമന്ത്രി അത് ശരിവച്ചു. അതുപോലെ അറുപത്തി നാലായിരം കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചിലവ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന് മുൻപ് സിപിഎം ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞത് ഇത് എൺപതിനായിരം കോടി രൂപയാകും എന്നായിരുന്നു.
സർക്കാർ വെബ്‌സൈറ്റിൽ ഒരു വിവരവും ഡിപിആറിൽ വേറൊരു വിവരവും ആണ് ഉള്ളത്. മന്ത്രിമാർ നിയമസഭയിൽ മറുപടി നൽകുന്നത് മറ്റൊരു വിവരം. മുഴുവൻ ഡാറ്റ കൃത്രിമമാണ് നടന്നിരിക്കുന്നത് എന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. വകുപ്പുകൾ തമ്മിലോ മന്ത്രിമാർ തമ്മിലോ കോർഡിനേഷൻ ഇല്ല. മുഖ്യമന്ത്രി ഇപ്പോഴും വായിക്കുന്നത് 6 മാസം മുമ്പ് കെ റെയില്‍ കൊടുത്ത വിവരങ്ങളാണ്. ആർക്കും ഒരു ധാരണയും ഇല്ല. കല്ലിട്ടാല്‍ പിഴുതുകളയുമെന്നും വിഡി സതീശന്‍ കൂട്ടിച്ചേർത്തു.
Most Read: സിനിമാ മേഖലയിലെ സ്‌ത്രീസുരക്ഷ; മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കും








































