തിരുവനന്തപുരം: സിനിമാ മേഖലയിൽ സ്‌ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. സുരക്ഷാ സംവിധാനം ഒരുക്കുമെന്ന് സംഘടനകൾ ഉറപ്പ് നൽകിയിട്ടുണ്ടെന്നും സിനിമാ പ്രതിനിധികളെ ഉൾപ്പെടുത്തി മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കുമെന്നും സതീദേവി പറഞ്ഞു.
ആക്ഷേപമുണ്ടെങ്കിൽ പ്രൊഡക്ഷൻ പൂർത്തിയായി മൂന്ന് മാസത്തിനകം പരാതി നൽകേണ്ടതാണ്. അതേസമയം മൂന്ന് മാസത്തിന് ശേഷം ഉന്നയിക്കുന്ന പരാതികൾ മുഖവിലയ്‌ക്ക് എടുക്കേണ്ടതില്ലെന്നാണ് ധാരണ.
നേരത്തെ കേരളത്തിലെ എല്ലാ സിനിമാ ലൊക്കേഷനിലും ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സിനിമാ സംഘടനകളിലും സ്‌ത്രീകൾക്കായി ആഭ്യന്തര പരാതി പരിഹാര സംവിധാനം ആരംഭിക്കണമെന്നും ഹൈക്കോടതി പുറപ്പെടുവിച്ച നിർണായക ഉത്തരവിൽ പറയുന്നു.
സിനിമയിലെ വനിതാ പ്രവർത്തകരുടെ കൂട്ടായ്‌മയായ ഡബ്ള്യുസിസിയാണ് ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയിൽ ഹരജി നൽകിയത്. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ 2018ലാണ് ഡബ്ള്യുസിസി ഇക്കാര്യമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഡബ്ള്യുസിസിയുടെ ആവശ്യം ന്യായമാണെന്ന് സംസ്‌ഥാനവനിതാ കമ്മിഷൻ കോടതിയെ അറിയിച്ചിരുന്നു. ഇക്കഴിഞ്ഞ ജനുവരി 31നാണ് ഹരജിയിൽ കമ്മീഷനെ ഹൈക്കോടതി കക്ഷി ചേർത്തത്.
Most Read: സിൽവർ ലൈൻ; പ്രതിപക്ഷ സമരം രാഷ്‌ട്രീയ നേട്ടത്തിനായെന്ന് വെള്ളാപ്പള്ളി