തിരുവനന്തപുരം: താരസംഘടനയായ അമ്മയിലെ കൂട്ടരാജിയിൽ പ്രതികരിച്ച് മന്ത്രി കെബി ഗണേഷ് കുമാർ. അമ്മ എന്ന സംഘടനയെ തകർത്ത ദിവസമാണ് ഇന്നെന്ന് ഗണേഷ് കുമാർ പറഞ്ഞു. മോഹൻലാലും മമ്മൂട്ടിയും മാറി നിന്നാൽ അമ്മയെ നയിക്കാൻ ആർക്കും കഴിയില്ല. അമ്മയെ തകർത്തവർ സന്തോഷിക്കുന്ന ദിവസമാണ് ഇന്നെന്നും ഗണേഷ് കുമാർ പറഞ്ഞു.
”സുരേഷ് ഗോപിയുടെ കൈയിൽ നിന്ന് 50,000 രൂപ, മോഹലാലിന്റെ കൈയിൽ നിന്നും 50,000 രൂപ, മമ്മൂട്ടിയുടെ കൈയിൽ നിന്നും 50,000 രൂപ. ഈ മൂന്നുപേരിൽ നിന്നുമായി ഒന്നരലക്ഷം രൂപ വാങ്ങിച്ച് തുടങ്ങിയ അമ്മയെന്ന മഹത്തായ പ്രസ്‌ഥാനം നശിച്ച ദിവസമാണ് ഇന്ന്. അമ്മയെ നശിപ്പിക്കാനായിട്ട് കുറെ ആളുകൾ കുറെ നാളുകളായി ആഗ്രഹിച്ചിരുന്നു. അവർ സന്തോഷിക്കുന്ന ദിവസമാണ് ഇന്ന്. പക്ഷെ നമ്മളെ സംബന്ധിച്ച് ദുഃഖമാണ്. 130 പേർക്ക് മാസം 5000 രൂപ കൈനീട്ടം കൊടുക്കുന്ന സംഘടനയാണ്. അവർക്ക് മാസം മരുന്ന് വാങ്ങാനാണ് ആ പണം. അവരെ കൂടി തകർത്തിരിക്കുകയാണ്”- ഗണേഷ് കുമാർ പറഞ്ഞു.
അമ്മ നശിച്ച് കാണണമെന്ന് ആഗ്രഹിച്ചവർക്ക് സന്തോഷിക്കാം. താൻ ഉൾപ്പടെയുള്ളവർ കൈയിൽ നിന്ന് കാശ് എടുത്താണ് ഈ സംഘടന പടുത്തുയർത്തിയത്. കഴിഞ്ഞ നാല് വർഷമായി സംഘടനയുമായി യാതൊരു ബന്ധവുമില്ല. അമ്മയിലെ മുഴുവൻ പേർക്കും ഇൻഷുറൻസ് പരിരക്ഷയുണ്ട്. ഇതൊക്കെ ഇനി എങ്ങനെ മുന്നോട്ട് പോകുമെന്ന് കണ്ടറിയണം. ഏറെ ഹൃദയ വേദന തോന്നിയ നിമിഷമാണെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
Most Read| അർജുന്റെ കുടുംബം നാളെ കർണാടകയിലേക്ക്; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച