തിരുവനന്തപുരം: കെ-റെയിൽ പദ്ധതി അശാസ്‌ത്രീയമെന്ന് ആവർത്തിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി. പദ്ധതി നടത്തിപ്പുമായി മുന്നോട്ട് പോകുന്നത് വ്യാജ ഡിപിആറിന്റെ അടിസ്‌ഥാനത്തിലാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം പദ്ധതി നടപ്പാക്കുന്നതിൽ ജനങ്ങൾക്ക് ആശങ്കയുണ്ടെന്നും പോരായ്‌മകൾ ഇല്ലെന്ന് സർക്കാർ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും പറഞ്ഞു.
‘സിൽവർലൈൻ നടപ്പാകുന്നതിൽ സിപിഐഎമ്മുകാർക്കും വിയോജിപ്പുണ്ട്. പാർട്ടി വ്യതാസമില്ലാതെ പദ്ധതിയെ ജനങ്ങൾ എതിർക്കും. ജനത്തിന് ആവശ്യമില്ലാത്ത വികസനമാണ് സിൽവർലൈൻ’, സുധാകരൻ പറഞ്ഞു.
കൂടാതെ സർക്കാർ പാരിസ്‌ഥിക ആഘാത പഠനം നടത്തിയിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. വികസനത്തിന് വാശിയല്ല വേണ്ടത്. മുഖ്യമന്ത്രിയുടെ വികസനം ശാപമാകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
സിൽവർ ലൈൻ ജനറൽ മാനേജർ ജോൺ ബ്രിട്ടാസ് എംപിയുടെ ഭാര്യയാണ്. ആനാവൂരിന്റെ ബന്ധുവാണ് കമ്പനി സെക്രട്ടറിയെന്നും കെ സുധാകരൻ ആരോപിച്ചു.
നേരത്തെ സില്‍വര്‍ ലൈനിനെതിരെയുള്ള നിവേദനത്തില്‍ ശശി തരൂര്‍ എംപി ഒപ്പിടാത്തതിന് എതിരെ സുധാകരൻ രംഗത്തുവന്നിരുന്നു. തരൂരിന്റെ അഭിപ്രായം പാർട്ടി നിലപാടിന് ഗുണകരമല്ലെന്നും അദ്ദേഹം തെറ്റ് തിരുത്തുമെന്നാണ് പ്രതീക്ഷയെന്നുമാണ് സുധാകരൻ പറഞ്ഞത്.
അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് യുഡിഎഫ്. സംസ്‌ഥാന വ്യാപകമായി യുഡിഎഫ് ഇന്ന് പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. പാത കടന്നു പോകുന്ന 10 ജില്ലാ ആസ്‌ഥാനങ്ങളിലും സെക്രട്ടറിയേറ്റിന് മുന്നിലും രാവിലെ 10 മണി മുതല്‍ ജനകീയ മാര്‍ച്ചും ധര്‍ണയും നടത്തി വരികയാണ്. ഉച്ചക്ക് ഒരു മണി വരെയാണ് പ്രതിഷേധം.
Most Read: അമേഠിയിൽ കോൺഗ്രസിന്റെ പദയാത്ര; രാഹുൽ ഗാന്ധിയും പ്രിയങ്കയും പങ്കെടുക്കും