തിരുവനന്തപുരം: സിപിഎമ്മിന് ഓന്തിന്റെ സ്വഭാവമാണെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. കാലത്തിന് അനുസരിച്ച് നിറം മാറുന്ന സ്വഭാവമാണ്. സിപിഎമ്മിന് രാഷ്‌ട്രീയ സ്‌ഥിരതയില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപിയെ നേരിടാൻ ശക്‌തിയില്ലാത്തത് സിപിഎമ്മിനാണ്. കോൺഗ്രസ് ശക്‌തരാണെന്നും കോടിയേരിയുടെ ഉപദേശം വേണ്ടെന്നും കെ സുധാകരൻ പറഞ്ഞു.
ഇന്ത്യയിൽ ഉടനീളം വർഗീയതയെ എതിർക്കാൻ 10 കമ്മ്യൂണിസ്‌റ്റുകാർ മതിയാവില്ല. കേരളം പോലെ ഒരു ചെറിയ തുരുത്തിൽ മാത്രമാണ് സിപിഎം ഉള്ളത്. ഇവിടെ വർഗീയതയെ പുണരുകയാണ് ഇവർ ചെയ്യുന്നത് എന്ന് സുധാകരൻ ആരോപിച്ചു. പിണറായി വിജയനെതിരെയുള്ള കേസുകൾ മുങ്ങിപോകുന്നത് ബിജെപി-സിപിഎം അവിശുദ്ധ ബന്ധത്തിന് തെളിവാണ്. മുഖ്യമന്ത്രി ബിജെപിയുടെ വോട്ട് വാങ്ങിയാണ് എംഎൽഎയായത്. മറിച്ചാണെങ്കിൽ തെളിയിക്കാമെന്നും സുധാകരൻ വെല്ലുവിളിച്ചു.
കെ റെയിൽ നടപ്പിലാക്കാൻ അനുവദിക്കില്ലന്നും സുധാകരൻ ആവർത്തിച്ചു. സ്വന്തം ധാർഷ്‌ട്യത്തിന് അനുസരിച്ച് കാര്യങ്ങൾ തീരുമാനിക്കാൻ കേരളം പിണറായിയുടെ തറവാട്ട് സ്വത്തല്ല. സമരത്തിന്റെ മൂർച്ച വരും നാളുകളിൽ വർധിക്കും. കെ റെയിൽ നടപ്പിലാക്കരുതെന്നത് ജനതയുടെ ആവശ്യമാണ്. ജനവികാരം പദ്ധതിക്ക് എതിരാണെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.
Most Read: സുരക്ഷാ വീഴ്‌ച; അന്വേഷണത്തിന് പ്രത്യേക സമിതി രൂപീകരിച്ച് സുപ്രീം കോടതി