തിരുവനന്തപുരം: വിവിധ മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർഥികളുടെ നാമനിര്‍ദേശ പത്രിക തള്ളപ്പെട്ടത് പോരായ്മ തന്നെയാണെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. വിഷയത്തിൽ ഹൈക്കോടതി വിധി വരാൻ കാത്തിരിക്കുന്നു എന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.
‘വളരെ വിവേചന പരമായിട്ടാണ് ഇങ്ങനെയൊരു സംഭവം നടന്നിരിക്കുന്നത്. സാധാരണ ഗതിയില്‍ നോമിനേഷനില്‍ അപാകതയുണ്ടെങ്കില്‍ അത് പരിശോധിച്ച് നോട്ടീസ് നല്‍കേണ്ടതാണ്. ഇവിടെ അതൊന്നും സംഭവിച്ചിട്ടില്ല. നാമനിര്‍ദേശം തള്ളിയത് പോരായ്മ തന്നെയാണ്’, സുരേന്ദ്രൻ പറഞ്ഞു. വിധി അനുകൂലമല്ലെങ്കില്‍ ബിജെപി വോട്ടര്‍മാരുടെ വോട്ട് ആര്‍ക്കാണ് എന്നത് തീരുമാനിച്ച് നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തലശ്ശേരിയിലെയും ഗുരുവായൂരിലെയും എന്‍ഡിഎ വോട്ട് കണ്ട് രണ്ട് മുന്നണികളും മനപ്പായസം ഉണ്ണരുത് എന്നാണ് പറയാനുള്ളത് എന്നും സുരേന്ദ്രൻ വ്യക്തമാക്കി. തലശ്ശേരിയിലും ഗുരുവായൂരിലും, ദേവീകുളത്തും എന്‍ഡിഎ സ്ഥാനാർഥികളുടെ നാമനിര്‍ദേശം തള്ളിയിരുന്നു.
ഇതിനെതിരെ, ഫോം എ, ഫോം ബി എന്നിവ ഇല്ലാത്തത് പത്രിക തള്ളാനുള്ള കാരണം അല്ലെന്നും നിര്‍ബന്ധമാക്കേണ്ടത് ഫോം 26 മാത്രമാണെന്നും കാണിച്ച് ബിജെപി ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. പത്രിക തള്ളിയ റിട്ടേണിങ് ഓഫീസറുടെ ഉത്തരവ് പിന്‍വലിക്കണമെന്നും പത്രിക സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ പറയുന്നുണ്ട്.
Read also: ലോക്സഭാ സ്പീക്കർ ഓം ബിർളക്ക് കോവിഡ്







































