തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസ് സർക്കാരിനേറ്റ ഏറ്റവും വലിയ തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പൊതുഖജനാവിലെ പണമെടുത്താണ് സർക്കാർ കേസുമായി മുന്നോട്ട് പോകുന്നതെന്നും തീരുമാനം പുനഃപരിശോധിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്നും കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. കേസില്‍ സംസ്ഥാന സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ സുപ്രീം കോടതി ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് വിമര്‍ശിച്ചിരുന്നു.
നിയമസഭയിലെ കൈയ്യാങ്കളിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയമസഭയാണ് പരിശോധിക്കേണ്ടത് എന്നായിരുന്നു കേരളത്തിനായി ഹാജരായ അഭിഭാഷകന് രഞ്ജിത് കുമാര്‍ വാദിച്ചത്. തുടർന്നാണ് സർക്കാരിനെതിരെ കോടതി കടുത്ത വിമർശനം ഉന്നയിച്ചത്. സഭയില്‍ അക്രമം നടത്തിയത് എന്തിനെന്ന് വിശദീകരിക്കാൻ സാധിക്കുമോ എന്ന് കോടതി ചോദിച്ചു. പൊതുമുതല്‍ നശിപ്പിച്ചതിന് പിന്നില്‍ എന്ത് പൊതുതാല്‍പര്യമാണ് ഉള്ളതെന്നും എംഎല്‍എമാരുടെ കൈവശം തോക്കുണ്ടായിരുന്നു എങ്കിൽ വെടിയുതിർക്കുമോ എന്നും കോടതി ആരാഞ്ഞു.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ബാര്‍കോഴയില്‍ ആരോപണം നേരിട്ട കെഎം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് പ്രതിപക്ഷമായ എല്‍ഡിഎഫ് സഭയില്‍ പ്രതിഷേധിച്ചത്. പിന്നീട് പ്രതിഷേധം കയ്യാങ്കളിയിലേക്ക് നീങ്ങുകയും യുഡിഎഫ് സര്‍ക്കാര്‍ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കേസെടുക്കുകയുമായിരുന്നു.
Read also: കരിപ്പൂർ സ്വർണക്കടത്ത്; അർജുൻ ആയങ്കിയുടെ ഭാര്യയെ വീണ്ടും ചോദ്യം ചെയ്യുന്നു